photo
കല്ലുംമൂട്ടിൽക്കടവ് പാലത്തിന്റെ ടാറിഗും കോൺക്രീറ്റും ഇളകി മാറിയ നിലയിൽ

കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപഞ്ചായത്തിനെ കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയുമായി ബന്ധിപ്പിക്കുന്ന കല്ലുംമൂട്ടിൽക്കടവ് പാലത്തിന് രണ്ട് പതിറ്റാണ്ടോളം പഴക്കമുണ്ട്. സുനാമിക്ക് ശേഷമാണ് പാലം നിർമ്മിച്ചത്. ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ സമുദ്ര ദുരന്തങ്ങൾ ഉണ്ടായാൽ ജനങ്ങൾക്ക് മറുകരയിൽ എത്താൻ എളുപ്പമാകും. സുനാമി സമയത്ത് പാലം ഇല്ലാതിരുന്നതിനാൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം കൂടുതലായിരുന്നു. സുനാമി ദുരന്തത്തിന് ശേഷമാണ് ആയിരം തെങ്ങിലും കല്ലുംമൂട്ടിൽക്കടവിലും , ഇടച്ചിറയിലും പാലങ്ങൾ നിർമ്മിച്ചത്. കല്ലുംമൂട്ടിൽ കടവ് പാലത്തിന്റെ കോൺക്രീറ്റ് ഇളകി തുടങ്ങിയിട്ട് വർഷങ്ങളായി. പാലത്തിൽ വേണ്ട വിധത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതേയില്ല.

അപകടങ്ങൾ പതിവ്

കോൺക്രീറ്റ് ഇളകിയ ഭാഗത്ത് സിമന്റ് ചാന്ത് പൂശുന്ന രീതിയാണ് ഇപ്പോൾ തുടരുന്നത്. ഇതിനെതിരെ നാട്ടുകാർ നിരവധി തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. പാലത്തിന്റെ ടാറിംഗ് ആണ് ആദ്യം ഇളകി തുടങ്ങിയത്. തുടർന്ന് കോൺക്രീറ്റും പാളികളായി ഇളകി. ആരും ശ്രദ്ധിക്കാത്തതിനാൽ പാലത്തിന്റെ പലഭാഗങ്ങളിലും കുഴികളായി. മഴയത്ത് കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതിൽ വാഹനാപകടങ്ങൾ ഉണ്ടാകുന്നത് പതിവ് കാഴ്ചയാണ്. ഇരു ചക്ര വാഹനങ്ങളാണ് അധികവും അപകടത്തിൽ പെടുന്നത്.

ഉദ്യോഗസ്ഥരുടെ അലംഭാവം

പാലത്തിലുള്ള കുഴികൾ കോൺക്രീറ്റ് ചെയ്ത് അടയ്ക്കുകയും പാലം പൂർണമായും ടാറിംഗ് നടത്തുകയും ചെയ്താൽ നിലവിലുള്ള തകർച്ച ശാശ്വതമായി പരിഹരിക്കാൻ കഴിയും. എന്നാൽ പാലം അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാനുള്ള ശ്രമങ്ങളൊന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഉദ്യോഗസ്ഥരുടെ അലംഭാവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പൊതുമരാമത്ത് വകുപ്പിന്റെ കരുനാഗപ്പള്ളി ഓഫീസിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി.