
ഓച്ചിറ: മദ്ധ്യാഹ്നസൂര്യനെ സാക്ഷിയാക്കി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ എട്ടുകണ്ടത്തിൽ ഓച്ചിറക്കളിക്ക് തുടക്കം. ഒരുമാസം അഭ്യസിച്ച അടവുകളും ചുവടുകളും കളിക്കാർ ഭക്തജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. അടുത്ത ദിവസം വീണ്ടും കാണാമെന്ന് പറഞ്ഞ് ഒന്നാം ദിവസത്തെ കായിക പ്രദർശനങ്ങൾ അവസാനിപ്പിച്ച് കളിക്കാർ വീടുകളിലേക്ക് മടങ്ങി.
ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ജി.സത്യൻ പതാക ഉയർത്തി. കെ.സി.വേണുഗോപാൽ എം.പി ഭദ്രദീപം തെളിച്ച് ഓച്ചിറക്കളി ഉദ്ഘാടനം ചെയ്തു. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ഭരണസമിതി സെക്രട്ടറി അഡ്വ. കെ.ഗോപിനാഥൻ പടത്തലവന്മാർക്ക് ധ്വജങ്ങൾ കൈമാറി. തുടർന്ന് നടന്ന ഘോഷയാത്രയ്ക്ക് രക്ഷാധികാരി അഡ്വ. എം.സി.അനിൽകുമാറും ഭരണസമിതി അംഗങ്ങളും നേതൃത്വം നൽകി. ഇന്ന് ഉച്ചയ്ക്ക് രണ്ടാം ദിവസത്തെ ഓച്ചിറക്കളി പുനരാരംഭിക്കും.