കൊല്ലം: കശുഅണ്ടി വ്യവസായം സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് യ.ടി.യു.സി ദേശീയ പ്രസിഡന്റും കാഷ്യു ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റുമായ എ.എ. അസീസ് ആവശ്യപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ കുത്തകയായിരുന്ന വ്യവസായം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. കേരളത്തിന് ആവശ്യമായ തോട്ടണ്ടി ലഭിച്ചിരുന്ന ആഫ്രിക്കൻ രാജ്യങ്ങൾ, അവിടെത്തന്നെ സംസ്കരണത്തിനുള്ള സൗകര്യമൊരുക്കുന്നു. കേരളത്തിലെ 90 ശതമാനം സ്വകാര്യ ഫാക്ടറികളും പൂട്ടിക്കിടക്കുകയാണ്. കാഷ്യു കോർപ്പറേഷന്റെയും കാപ്പക്സിന്റെയും ഉൾപ്പെടെ ഫാക്ടറികൾ 40 ആയി ചുരുങ്ങി. രണ്ടര ലക്ഷം തൊഴിലാളികൾ ഉണ്ടായിരുന്ന മേഖലയിൽ നിലവിൽ 14,000 പേർക്കു മാത്രം തൊഴിൽ ലഭിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. ജനറൽ സെക്രട്ടറി സജി ഡി.ആനന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു. പി. പ്രകാശ് ബാബു, ടി.കെ. സുൽഫി, ജി. വേണുഗോപാൽ, സി. മഹേശ്വരൻ പിള്ള, സേതുനാഥൻ പിള്ള, ടി.സി. അനിൽകുമാർ, താജുദ്ദീൻ, ബിജു ലക്ഷ്മികാന്തൻ, മോഹൻദാസ്, കെ. രാമൻപിള്ള, മുഖത്തല വിജയൻ, മങ്ങാട് രാജു, സുന്ദരേശൻ പിള്ള, മുഹമ്മദ് കുഞ്ഞ്, ഗിരീഷ് കുമാർ, അഡ്വ. വേണുഗോപാൽ, പാവുമ്പ ഷാജഹാൻ എന്നിവർ പങ്കെടുത്തു.