കൊല്ലം: തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടത്തെ തുടർന്ന് സ്വന്തം ജില്ലകളിൽ നിന്ന് പുറത്തേക്ക് പോയ പൊലീസ് ഉദ്യോഗസ്ഥരുടെ പുനർവിന്യാസ നടപടികൾ ആരംഭിച്ചു. എസ്.ഐമാരുടെ മാറ്റം സംബന്ധിച്ച പട്ടിക കഴിഞ്ഞ ദിവസം റേഞ്ച് ആസ്ഥാനത്ത് നിന്ന് ഇറക്കിയെങ്കിലും ജില്ലാ പൊലീസ് മേധാവി ഓഫീസുകളിൽ നിന്നുള്ള വിടുതൽ ഉത്തരവ് ഇറങ്ങിയിട്ടില്ല. സ്വന്തം റേഞ്ചിനകത്തെ മാറ്റം കഴിഞ്ഞ് അതാത് സ്‌റ്റേഷനുകളിൽ തന്നെ മടങ്ങിയെത്താനാണ് സാദ്ധ്യത. സി.ഐ റാങ്കിലുള്ളവരുടെ പുനർവിന്യാസം ബുധനാഴ്‌ച ഉണ്ടാകുമെന്നാണ് വിവരം. ഡിവൈ.എസ്.പി - എ.സി.പി റാങ്കിലുള്ളവരുടെ മാറ്റം ഇതിന് ശേഷമായിരിക്കും. വിവിധ വകുപ്പുകളിൽ നിന്ന് റിട്ടേണിംഗ് ഓഫീസർമാരുടെ ശ്രേണിയിലുള്ള ഉദ്യോഗസ്ഥരെയും മാറ്റത്തിന് ശേഷം ഈ ആഴ്‌ചയോടെ പുനർവിന്യസിക്കും.