photo
പുത്തൂരിലെ തകർച്ചയിലായ ഇ.എസ്.ഐ ക്വാർട്ടേഴ്സ് വളപ്പ്

പുത്തൂർ: പുത്തൂർ പട്ടണത്തോട് ചേർന്ന് ഇ.എസ്.ഐ വക കാട്. കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും താവളമാക്കിയ ഇവിടം നാട്ടുകാ‌ർക്ക് ഭീഷണിയാകുന്നു. കാടിന് നടുവിലെ പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങളിലേക്ക് നോക്കിയാൽ ആരും ഒന്ന് പേടിച്ചുപോകും. ശരിയ്ക്കും പ്രേതാലയങ്ങൾ!. വർഷങ്ങളായി തകർന്ന് കാടുമൂടുന്ന ഇ.എസ്.ഐ ക്വാർട്ടേഴ്സുകളാണ് നാട്ടുകാർക്ക് തലവേദനയായി മാറിയിരിക്കുന്നത്. പൊളിഞ്ഞു വീണതും ഏത് നിമിഷവും നിലംപൊത്താവുന്നതുമായ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. നിലംപൊത്താത്ത കെട്ടിടങ്ങൾ ചോർന്നൊലിക്കുകയാണ്. ഇതിൽ ഒന്നിന് മുകളിൽ ടാർപ്പാളിൻ ഷീറ്റ് വലിച്ചുകെട്ടി മഴ നനയാത്ത വിധം താത്കാലിക സംവിധാനമൊരുക്കി. മറ്റുള്ളവയൊക്കെ തീർത്തും ഉപയോഗ ശൂന്യമായി. ഏക്കറുകണക്കിന് ഭൂമി ഇവിടെ ഇ.എസ്.ഐയ്ക്കുണ്ട്. ഇ.എസ്.ഐയുടെ ഡിസ്പെൻസറിയും ലോക്കൽ ഓഫീസും ഒരു ഭാഗത്തും ഇടയ്ക്കുകൂടിയുള്ള ചെറിയ റോഡിന്റെ അപ്പുറത്തായി ക്വാർട്ടേഴ്സുകളുമാണ് ഉള്ളത്. കാലപ്പഴക്കത്താൽ ജീർണിച്ച് നശിച്ച ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ മരപ്പട്ടിയും കുറുക്കനും പാമ്പുകളുമടക്കം താവളമാക്കിയിരിക്കുകയാണ്.

ആളും അനക്കവുമൊഴിഞ്ഞിട്ട് പതിറ്റാണ്ടുകൾ

ഇ.എസ്.ഐ കോർപ്പറേഷന്റെ കീഴിലുള്ള ഡിസ്പെൻസറിയും ലോക്കൽ ഓഫീസും പ്രവർത്തിക്കുന്നതിന് തൊട്ടടുത്താണ് പതിറ്റാണ്ടുകൾക്ക് മുൻപ് ക്വാർട്ടേഴ്സുകൾ സ്ഥാപിച്ചത്. ഉദ്യോഗസ്ഥരായ 11 കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നു. ഓടുമേഞ്ഞ കെട്ടിടങ്ങളിൽ ജീവനക്കാർ താമസിക്കുമ്പോൾ ഇവിടം കൂടുതൽ സജീവമായിരുന്നു. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയ്യാറായില്ല. താമസിക്കുന്നവർ സ്വന്തം നിലയിൽ പരിസരം വൃത്തിയാക്കൽ പോലും നടത്തിയില്ല. ഇതോടെ കെട്ടിടങ്ങൾ നശിച്ചു. പരിസരം കാടുമൂടി. ഓരോരുത്തരായി ഇവിടുത്തെ താമസം മതിയാക്കി പോവുകയും ചെയ്തു. കെട്ടിടങ്ങൾ ഓരോന്നായി നിലംപൊത്താനും തുടങ്ങി.

പൊറുതിമുട്ടി നാട്ടുകാർ

ഇ.എസ്.ഐ ക്വാർട്ടേഴ്സ് വളപ്പ് ക്ഷുദ്രജീവികളുടെ താവളമായി മാറിയിരിക്കുകയാണ്. മതിൽക്കെട്ടുകടന്ന് വഴിയിലും അയൽവീടുകളിലേക്കുമൊക്കെ പാമ്പുകൾ വരും. ചിലപ്പോൾ മരപ്പട്ടിയും മറ്റ് കാട്ടുജീവികളും. കൊച്ചുകുട്ടികളെ വീടിന് പുറത്തിറക്കാൻപോലും പേടിയാണ് നാട്ടുകാർക്ക്. ക്വാർട്ടേഴ്സ് പരിസരം മുഴുവൻ വൃത്തിയാക്കി പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കാനെങ്കിലും അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. .