കൊല്ലം: കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് (ഐ.സി.പി) അനുവദിച്ചുള്ള ഫയലിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ഒപ്പിട്ടു. ഇതോടെ കൊല്ലം പോർട്ടിന്റെ ദീർഘകാലമായുള്ള സ്വപ്നമാണ് സഫലമായത്. പോർട്ട് വികസനത്തിനുള്ള വാതിൽ കൂടിയാണ് തുറക്കപ്പെട്ടിരിക്കുന്നത്.

എമിഗ്രേഷൻ പോയിന്റ് അനുവദിക്കാനുള്ള എല്ലാ സൗകര്യങ്ങളും കേരള മാരിടൈം ബോർഡ് സജ്ജമാക്കിയിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പേ തിരുവനന്തപുരം, കൊച്ചി എഫ്.ആർ.ആർ.ഒമാരുടെ സംഘം കൊല്ലം പോർട്ട് സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി അനുകൂല റിപ്പോർട്ട് നൽകിയിരുന്നു. തൊട്ടുപിന്നാലെ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാലാണ് ഐ.സി.പി അനുവദിക്കുന്നത് വൈകിയത്.

ഐ.സി.പി ആരംഭിക്കുന്നതോടെ വിദേശ കപ്പലുകൾക്ക് കൊല്ലം പോർട്ടിൽ തടസങ്ങളില്ലാതെ നങ്കൂരമിടാം. കപ്പലിലെ യാത്രക്കാർക്കും ജീവനക്കാർക്കും എമിഗ്രേഷൻ പരിശോധനകൾ പൂർത്തിയാക്കി പോർട്ടിൽ ഇറങ്ങാം. ഐ.സി.പി ഇല്ലാത്തതിനാലാണ് കൊല്ലം പോർട്ടിലേക്ക് വിദേശ കപ്പലുകൾ കാര്യമായി എത്താതിരുന്നത്. വിദേശ കപ്പലുകൾക്ക് കൊല്ലം പോർട്ടിൽ നങ്കൂരമിടാനും അതിലുള്ളവർക്ക് പോർട്ടിൽ ഇറങ്ങാനും താത്കാലിക എഫ്.ആർ.ഒയുടെ ചുമതലയുള്ള കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ വഴി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണമായിരുന്നു. ഈ നൂലമാലകൾ കാരണം അന്താരാഷ്ട്ര കപ്പൽ ചാലിനോട് അടുത്തുകിടന്നിട്ടും ജീവനക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ക്രൂ ചെയ്ഞ്ചിംഗിന് പോലും കൊല്ലത്തേക്ക് കപ്പലുകൾ എത്തിയിരുന്നില്ല. കൊല്ലത്ത് നിന്ന് യാത്ര കപ്പലുകളുടെ സർവീസ് ആരംഭിക്കാനും ചെക്ക് പോസ്റ്റ് ഗുണപ്രദമാകും.

ആറ് കൗണ്ടറുകൾ

 ഐ.സി.പിയുടെ പ്രവർത്തനത്തിന് 1500 ചതുരശ്രയടി വിസ്തീർണത്തിൽ തയ്യാറാക്കിയിട്ടുള്ള ഓഫീസിൽ ആറ് കൗണ്ടറുകളാണ് ക്രമീകരിച്ചിട്ടുള്ളത്

 പോർട്ടിലെത്തുന്ന യാത്രക്കാർ സുരക്ഷാ പരിശോധനകളിൽ നിന്ന് രക്ഷപ്പെടാതിരിക്കാനുള്ള സുരക്ഷ ക്രമീകരണങ്ങളുമുണ്ട്

 അതിന് പുറമേ ഐ.സി.പി ഓഫീസിൽ യാത്രക്കാർക്ക് വിശ്രമിക്കാനടക്കം വിശാലമായ സൗകര്യങ്ങളുമുണ്ട്

ഐ.സി.പിക്ക് അനുമതി നൽകിക്കൊണ്ടുള്ള ഫയലിൽ ഒപ്പുവച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് ഫോണിലൂടെ അറിയിച്ചു. പതിനേഴാം ലോക്‌സഭ കാലയളവിൽ താൻ നടത്തിയ നിരന്തരമായ ഇടപെടലിലൂടെയാണ് ഐ.സി.പി ലഭിച്ചത്. ലോക് സഭയിൽ നിരവധി തവണ വിഷയം ഉന്നയിച്ചിരുന്നു. ചട്ട പ്രകാരമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ വരുത്തിയ കാലതാമസമാണ് അനുമതി വൈകിപ്പിച്ചത്.

എൻ.കെ.പ്രേമചന്ദ്രൻ എം.പി