കൊല്ലം : വൃക്ക മാറ്റിവെക്കാൻ പണം കണ്ടെത്താൻ കഴിയാത്തതിനാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത് ഓരോ ദിവസവും തള്ളി നീക്കിയ സൗമ്യ എന്ന യുവതിക്ക് താങ്ങായി മെഡിട്രീന. കിഡ്‌നി ട്രാൻസ്പ്ലാന്റേഷനുള്ള സാമ്പത്തിക സഹായം ആവശ്യപ്പെട്ട് വന്ന ഒരു പത്രവാർത്ത യാദൃശ്ചികമായിട്ടാണ് മെഡിട്രീന ആശുപത്രി നെഫ്രോളജി കൺസൾട്ടന്റ് ഡോ.റെമി ജോർജ് തോമസ് കാണുന്നത്. ആ വാർത്തയിലെ വിവരങ്ങൾ മെഡിട്രീന ഹോസ്പിറ്റൽ എം. ഡിയും ചെയർമാനും പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോ.പ്രതാപ് കുമാറിനെയും മെഡിട്രീന ഗ്രൂപ്പ് സി.ഇ.ഓ ഡോ.മഞ്ജു പ്രതാപിനെയും അറിയിച്ചു. അതോടെ കടയ്ക്കൽ സ്വദേശിയും നിർദ്ധനയുമായ സൗമ്യയുടെ ചികിത്സാച്ചെലവുകൾ പൂർണമായും ഏറ്റെടുത്ത് സൗജന്യമായി കിഡ്‌നി ട്രാൻസ്പ്ലാന്റേഷനും നടത്തി.അമ്മ പ്രസന്നകുമാരിയാണ് മകൾക്ക് വൃക്ക നൽകിയത്.
ജൂൺ 1ന് മെഡിട്രീന ആശുപത്രിയിൽ വളരെ വിജയകരമായ നിലയിൽ നടന്നു. ഏതാണ്ട് 12 ലക്ഷത്തിലേറെ രൂപയാണ് മെഡിട്രീന ചെലവഴിച്ചത്. ഡോ.റെമി ജോർജിനൊപ്പം യൂറോളജി വിഭാഗത്തിലെ ഡോ.രവീന്ദ്ര, ഡോ.പ്രവീൺ സുന്ദർ, ഡോ.വിപിൻദാസ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ശങ്കർ,ഡോ.നഹാസ്, ഡോ .ആകാശ് (സി.ടി.വി.എസ്) അബിൻസ് കുര്യൻ (ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ), ഒ.ടി സ്റ്റാഫുകൾ, ടെക്‌നീഷ്യൻസ്, നഴ്സസ്, മറ്റു അനുബന്ധ ജീവനക്കാരും അടങ്ങുന്ന വലിയ ഒരു ടീമാണ് ഈ ദൗത്യത്തിൽ പങ്ക് ചേർന്നത്.
കടയ്ക്കൽ സ്വദേശിയായ സൗമ്യയും രണ്ടു മക്കളും വൃദ്ധരായ മാതാപിതാക്കളുടെ തുച്ഛമായ വരുമാനത്തിലാണ് ജീവിച്ചിരുന്നത്. സ്വന്തമായി വീട് പോലുമില്ലാത്ത ഇവരുടെ കുടുംബം ഒരു ബന്ധുവിന്റെ ചെറിയ വീട്ടിലാണ് കഴിഞ്ഞിരുന്നത്.
കിഡ്‌നി ട്രാൻസ്പ്ലാന്റ് ക്ലിനിക്
കിഡ്‌നി ട്രാൻസ്പ്ലാന്റ് കഴിഞ്ഞിട്ടുള്ളവർക്കും കിഡ്‌നി ദാനം ചെയ്തിട്ടുള്ളവർക്കും തുടർചികിത്സക്കും മറ്റു പരിശോധനകൾക്കുമായി കിഡ്‌നി ട്രാൻസ്പ്ലാന്റ് ക്ലിനിക്കും മെഡിട്രീനയിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് 2 മുതൽ 4 വരെയായിരിക്കും പ്രവർത്തനം.