 
കൊട്ടാരക്കര: സദാ തിരക്കേറിയ കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിലെ റോഡുകൾക്കിരുവശവും സ്ഥാപിച്ചിരിക്കുന്ന ഓടകൾക്ക് മുകളിലുള്ള സ്ളാബുകൾ പല ഭാഗത്തും തകർന്ന് അപകട ഭീഷണി ഉയർത്തുന്നു. ടൗണിലെ മാലിന്യം മുഴുവൻ ഒഴുകിയെത്തി ഓടകൾ മൂടിയ നിലയിലാണ്. ചെറിയ മഴ പെയ്താൽ പോലും പെയ്ത്തുവെള്ളം റോഡിലൂടെ നിരന്ന് ഒഴുകി റോഡു സൈഡിലുള്ള കടകൾക്കുള്ളിലേക്ക് ഇരച്ചു കയറുമായിരുന്നു. വ്യാപാരികളുടെയും ടൗണിലെത്തുന്ന യാത്രക്കാരുടെയും നിരന്തരമായ പരാതിയെ തുടർന്ന് ടൗണിലെ ഓടകൾക്ക് മുകളിൽ പലഭാഗത്തും ഇരുമ്പ് പൈപ്പുകളും ഗ്രില്ലുകളും സ്ഥാപിച്ചു. അവയെല്ലാം ഒരു വർഷത്തിനുള്ളിൽ തന്നെ തകർന്ന് കാൽനടയാത്രക്കാർക്ക് പോലും ഭീഷണിയാകുന്നു. മഴ പെയ്ത് വെള്ളക്കെട്ട് രൂപപ്പെട്ടു കഴിഞ്ഞാൽ തകർന്ന സ്ളാബിലും ഗ്രില്ലിലും വീണ് അപകടം സംഭവിക്കുന്നതും പതിവാണ്.
നിവേദനം നൽകി
തിരക്കേറിയ ടൗണായിട്ടും റോഡും ഓടയും നവീകരിക്കാനും വീതി വർദ്ധിപ്പിച്ച് അപകട തോത് കുറയ്ക്കാനും ആരും ശ്രദ്ധിക്കുന്നില്ല.ട്രാഫിക് അവലോകന യോഗവും മാസാമാസം നടന്നു വന്നിരുന്ന താലൂക്ക് വികസനക സമിതി യോഗവും ശക്തിപ്പെടുത്തിയെങ്കിൽ മാത്രമേ ടൗണിലെ ഗതാഗത സംവിധാനം ക്രമപ്പെടുത്താനും റോഡുകളുടെ അറ്റകുറ്റപണി നടത്തുവാനും അപകടങ്ങൾ ഇല്ലാതാക്കുവാനും സാധിക്കുകയുള്ളു. ഈ ആവശ്യം ഉന്നയിച്ച് വ്യാപാരികൾ നഗരസഭയ്ക്കും കെ.എസ്.ടി.പിക്കും ഗതാഗത വകുപ്പിനും നിവേദനം നൽകി.