തഴവ : പുതിയ ദേശീയപാതയിൽ വവ്വാക്കാവ് ജംഗ്ഷനിൽ അണ്ടർ പാസേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ കെ.സി.വേണുഗോപാൽ എം.പിയ്ക്ക് നിവേദനം നൽകി. വവ്വാക്കാവ് അണ്ടർ പാസേജിന്റെ അനിവാര്യത ദേശീയപാത അതോറിട്ടിയുടെ ശ്രദ്ധയിൽ കൊണ്ടുവരുവാനും പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമെന്ന് എം.പി ഉറപ്പ് നൽകി. ആക്ഷൻ കൗൺസിൽ രക്ഷാധികാരി സി.ആർ.മഹേഷിന്റെ സാന്നിദ്ധ്യത്തിൽ ജനറൽ കൺവീനർ കളരിക്കൽ ജയപ്രകാശ്, വൈസ് ചെയർമാൻമാരായ ഷാജഹാൻ കാട്ടൂർ ,ദിലീപ്കുറുങ്ങപ്പള്ളി ,ജോയിന്റ് കൺവീനർ മുരളി ,സതീഷ്കുമാർ യൗവ്വന എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്

.സൂപ്പർഫാസ്റ്റ് ഒഴികെയുള്ള യാത്രാ ബസുകൾക്ക് പ്രത്യേക ടിക്കറ്റ് നിരക്ക് നിലവിലുള്ള പ്രധാന ജംഗ്ഷനാണ് വവ്വാക്കാവ്. പ്രവൃത്തി ദിവസങ്ങളിൽ സ്കൂൾ കുട്ടികൾ ഉൾപ്പടെ ആയിരത്തിലധികം യാത്രക്കാരാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിൽ സ്ഥാപനങ്ങളിലേക്കും പോകുന്നതിനായി വവ്വാക്കാവ് ജംഗ്ഷനെ ആശ്രയിക്കുന്നത്. എന്നാൽ യാത്രക്കാർക്ക് സുരക്ഷിതമായി വാഹനം കയറുന്നതിന് ബസ് ബേയോ, പ്രധാന റോഡ് മുറിച്ച് കടക്കുന്നതിന് അണ്ടർ പാസേജോ അനുവദിക്കുന്നതിന് ദേശീയ പാത അധികൃതർ നാളിതുവരെ തയ്യാറായിട്ടില്ല.