
കൊല്ലം: ആഴ്ചയിൽ ഒരു അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യു നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ റെയിൽവെയിലെ പ്രധാനപ്പെട്ട വിഭാഗമായ ലോക്കോ പൈലറ്റുമാർ അരനൂറ്റാണ്ടിലേറെയായി തങ്ങളുടെ ജോലി സമയത്തിലും വിശ്രമ സമയത്തിലും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പരിഗണിക്കാത്തത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ എ.എം. ഇക്ബാൽ, ജി. ആനന്ദൻ, എച്ച്. ബേസിൽ ലാൽ, ഡി.ആർ.ഇ.യു ഡിവിഷണൽ സെക്രട്ടറി അനിൽ കുമാർ, എ.ഐ.എൽ.ആർ.എസ്.എ സോണൽ സെക്രട്ടറി വി. പ്രദീപ്, കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ആർ. അരുൺ കൃഷ്ണൻ എന്നിവർ സംസാരിച്ചു.