പുനലൂർ: തുല്യ നീതിക്ക് വേണ്ടി നിരന്തരം പോരാട്ടം നടത്തുന്ന എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ലോക് സഭ തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ പരാമർശത്തെ തുടർന്ന് അദ്ദേഹത്തിനെതിരെ ആക്രമണം അഴിച്ച് വിടാൻ ശ്രമിച്ചാൽ ഈഴവ സമുദായം നോക്കി നിൽക്കില്ലെന്ന് പുനലൂർ യൂണിയൻ കൗൺസിൽ മുന്നറിയിപ്പ് നൽകി. ലോക് സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം അതിരു വിട്ട മുസ്ലീം പ്രീണനമാണെന്ന് അഭിപ്രായപ്പെട്ട യോഗം ജനറൽ സെക്രട്ടറിക്കെതിരെയാണ് ചില സംഘടനകൾ വാളോങ്ങി നിൽക്കുന്നത്. ത്രിതല പഞ്ചായത്തുകൾക്ക് പുറമെ അസംബ്ലിയിലും ഉയർന്ന ഉദ്യോഗ തലങ്ങളിലും ഈഴവ പ്രാധിനിത്യം കുറവാണെന്നും യോഗം ജനറൽ സെക്രട്ടറി നിരവധി വേദികളിൽ സംസാരിച്ചിരുന്നു. എല്ലാ തിരഞ്ഞെടുപ്പുകളിലും മുസ്ലീങ്ങൾക്ക് അർഹതയില്ലാത്തത് നൽകി അധികാരത്തിലേറാൻ ഇടത്, വലത് മുന്നണികൾ മത്സരിക്കുകയാണ്. ഈ സാഹചര്യത്തിൽ സമുദായത്തെ വളർത്തി ഉയർച്ചയിലെത്തിച്ച ജനറൽ സെക്രട്ടറിയെ ആക്രമിക്കാൻ ശ്രമിച്ചാൽ അദ്ദേഹത്തിന്റെ പിന്നിൽ ഉറച്ച് നിൽക്കുന്ന ഈഴവ സമുദായം ഒറ്റക്കെട്ടായി നേരിടുമെന്നും യൂണിയൻ കൗൺസിൽ മുന്നറിയിപ്പ് നൽകി. യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസി.സെക്രട്ടറി വനജ വിദ്യധരൻ, വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യോഗം ഡയറക്ടർമാരായ എൻ.സതീഷ്കുമാർ,ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, സന്തോഷ് ജി.നാഥ്,കെ.വി.സുഭാഷ്ബാബു, എൻ.സുന്ദരേശൻ, എസ്.എബി. അടുക്കളമൂല ശശിധരൻ,ഡി.ബിനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.