ലൂക്കോസിനും സാജനും വിട
കൊല്ലം: സമ്മാനപ്പൊതികളും ചിരിച്ച മുഖവുമായി പടി കടന്നെത്തിയിരുന്നവർ ഇന്നലെ വെള്ളപുതച്ച് ചേതനയറ്റയാണ് പ്രിയപ്പെട്ടവർക്ക് മുന്നിലേക്കെത്തിയത്. കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച കൊല്ലം സ്വദേശികളായ അഞ്ചുപേരിൽ രണ്ടുപേരായ വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസിന്റെയും (48, സാബു), പുനലൂർ നരിക്കൽ, സാജൻ വില്ലയിൽ സാജൻ ജോർജിന്റെയും (29) സംസ്‌കാരമാണ് ഇന്നലെ നടന്നത്. മുംബൈയിൽ സ്ഥിരതാമസമാക്കിയ കരുനാഗപ്പള്ളി മരുതൂർകുളങ്ങര വടക്ക് കളത്തിൽ വടക്കേത്തറയിൽ ഡെന്നി ബേബിയുടെ സംസ്‌കാരം ഇന്ന് മുംബൈയിൽ നടക്കും.
ആയിരങ്ങളാണ് പുനലൂരിലും വെളിച്ചിക്കാലയിലും നാടിന്റെ നൊമ്പരമായി മാറിയവരെ കാണാനെത്തിയത്. പരീക്ഷയിൽ മികച്ച വിജയം നേടിയതിന് സമ്മാനവുമായി വിദേശത്ത് നിന്ന് വരുന്ന ഡാഡിയെ കാത്തിരുന്ന ലൂക്കോസിന്റെ മൂത്ത മകൾ ലിഡിയയുടെ മുന്നിലേക്കെത്തിയത് ചില്ലുകൂടിലടച്ച പ്രിയപ്പെട്ട ഡാഡിയുടെ ചേതനയറ്റ ശരീരമാണ്. ഭൗതിക ശരീരം വീട്ടുവളപ്പിലെത്തിയതോടെ കുടുംബാംഗങ്ങളുടെ ദുഃഖം അണപൊട്ടിയൊഴുകി. ലൂക്കോസിന്റെ മക്കളുടെ കരച്ചിൽ കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി. എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും വിഷമിച്ചു. കളക്ടർ എൻ.ദേവിദാസ്, എൻ.കെ.പ്രേമചന്ദ്രൻ എം.പി വിവിധ രാഷ്ടീയ- സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാനെത്തി.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സാജൻ ജോർജിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്. ആസ്ട്രേലിയയിലുള്ള ഏകസഹോദരി ആൻസിയും കുടുംബവും ഇന്നലെ രാവിലെയാണ് പുനലൂരിലെ വീട്ടിലെത്തിയത്. എംബാം ചെയ്ത മൃതദേഹമായതിനാലും മോർച്ചറിയിൽ സൂക്ഷിച്ചിരുന്നതിനാലും മൊബൈൽ മോർച്ചറിയിൽ നിന്ന് പുറത്തെടുക്കാനാകാത്ത സ്ഥിതിയായിരുന്നു. അദ്ധ്യാപകനായിരുന്ന സാജന് കുവൈറ്റിലേക്ക് പോകാൻ താത്പര്യമില്ലായിരുന്നു. വീട്ടുകാരുടെ നിർബന്ധപ്രകാരമായിരുന്നു കുവൈറ്റിലേക്ക് പോയത്. ലീവിന് വരുമ്പോൾ വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങൾ വീട്ടുകാർ നോക്കാനിരിക്കവേയാണ് വിധി സാജന്റെ ജീവിതം തട്ടിയെടുത്തത്. സാജന്റെ സംസ്‌കാരചടങ്ങിൽ പങ്കെടുക്കാൻ വീട്ടിലും സെമിത്തേരിയിലുമായി ആയിരങ്ങളാണ് തടിച്ചു കൂടിയത്.