
കൊട്ടിയം: ശ്രീനാരായണ പോളിടെക്‌നിക് കോളേജ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ചെലവ് കുറഞ്ഞ അഗ്രിഡ്രോണിന് ശേഷം പുതുതായി സജ്ജീകരിച്ച വെർട്ടിക്കൽ ഗാർഡൻ ശ്രദ്ധേയമാകുന്നു. ഹാർവെസ്റ്റിംഗ് ഇന്നവേഷൻ എന്ന പേരിൽ കോളേജിൽ നടപ്പാക്കിവരുന്ന അഗ്രോ ഇന്നവേഷൻ പ്രോജക്ടുകളുടെ ഭാഗമായാണ് വെർട്ടിക്കൽ ഗാർഡൻ സജ്ജീകരിച്ചത്.
നിലവിലെ വെർട്ടിക്കൽ ഗാർഡനിൽ നിന്ന് വ്യത്യസ്തമായി ഒരു സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ
ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് അനായാസം മാറ്റാൻ കഴിയുന്ന തരത്തിൽ 28 ക്വയർ പിത്ത് ബ്ലോക്കിൽ നാല് അടുക്കുകളായാണ് ഗാർഡൻ ഒരുക്കിയിട്ടുള്ളത്.
നിലവിലെ രീതികളിൽ തുറസായ സ്ഥലത്ത് മഴയും വെയിലും പ്രതിരോധിക്കാൻ സാധിക്കില്ല. എന്നാൽ പുതിയ വെർട്ടിക്കൽ ഗാർഡനിൽ യു.വി സ്റ്റെബിലൈസ്ഡ് ഷീറ്റ് മേൽക്കൂര ഒരുക്കിയതിനാൽ മഴയും വെയിലും പ്രതിരോധിച്ച് സൂര്യപ്രകാശം എല്ലാ ചെടികളിലും ഒരേപോലെ ലഭിക്കും. മൈക്രോ ഇറിഗേഷൻ വഴി ചെടികളിലേക്ക് ടാങ്കിലൂടെ വെള്ളവും വളവും എത്തിച്ചേരുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികളായ വിഷ്ണുരാജ്, സൂരജ്, അബിൻ, ആരോമൽ എന്നിവരും മെക്കാനിക്കൽ വിഭാഗം അദ്ധ്യാപകൻ മണിലാൽ, സനൽ കുമാർ മെക്കാനിക്കൽ വിഭാഗം മേധാവി വിനോദ് കുമാർ, പ്രിൻസിപ്പൽ വി.സന്ദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രോജക്ട് തയ്യാറാക്കിയത്.
വെർട്ടിക്കൽ ഗാർഡന്റെ ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ നിർവഹിച്ചു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, കോളേജ് പ്രിൻസിപ്പൽ വി.സന്ദീപ് എന്നിവർ പങ്കെടുത്തു.