അടൂർ: വെള്ളാപ്പള്ളി നടേശനെ തേജോവധം ചെയ്ത് എസ്.എൻ.ഡി.പി യോഗത്തിന്റെ ചങ്കിൽ കുത്താനുള്ള ശ്രമം ചെറുക്കുമെന്ന് എസ്.എൻ ട്രസ്റ്റ് ബോർഡംഗം വി.എസ് യശോധര പണിക്കർ പറഞ്ഞു. അടിച്ചമർത്തപ്പെട്ടവരും റാൻമൂളികളുമായി ജീവിച്ചവരുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനുമായി ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗം. പീഡനം അനുഭവിച്ചവരും മനുഷ്യസ്നേഹികളും കൂടി നേടിയെടുത്തതാണ് ക്ഷേത്രപ്രവേശനം. അവിടെ പിന്നാക്കക്കാർ കാണിക്കവഞ്ചി നിറയ്ക്കുന്നവർ മാത്രമായി. മുന്നണികൾ മാറിമാറി ഭരിച്ചിട്ടും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ 94ശതമാനവും മുന്നോക്കക്കാരാണ്. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കി ഇത്രയും കാലമായിട്ടും കേന്ദ്രസർവീസിൽ ഏഴ് ശതമാനം മാത്രമാണ് പിന്നാക്കക്കാർ. ഖജനാവ് ഉൗറ്റിയെടുത്ത് വോട്ടുബാങ്ക് സമുദായങ്ങൾ തടിച്ചുകൊഴുക്കുന്നു. യോഗം ജനറൽ സെക്രട്ടറി വെള്ളിപ്പള്ളി നടേശനോട് അവർക്കുള്ള അസഹിഷ്ണുത അവകാശങ്ങൾ തുറന്നു ചോദിക്കുന്നതു കൊണ്ട് ഉണ്ടായതാണെന്ന് യശോധര പണിക്കർ പറഞ്ഞു.