yy

കൊല്ലം: ഭക്ഷ്യസ്ഥാപനങ്ങളിലെ ശുചിത്വം ഉറപ്പാക്കാൻ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഏപ്രിൽ, മേയ് മാസങ്ങളിൽ 'ഓപ്പറേഷൻ ലൈഫി'ന്റെ ഭാഗമായി നടത്തിയത് 615 പരിശോധനകൾ. തട്ടുകടകൾ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റുകൾ, മത്സ്യമാർക്കറ്റുകൾ, കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, ഐസ്‌ക്രീം നിർമ്മാണ യൂണിറ്റുകൾ സോഫ്ട് ഡ്രിങ്ക് യൂണിറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

പോരായ്മ കണ്ടെത്തിയ 64 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. എല്ലാ കേന്ദ്രങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് അയച്ചു. ഫലം വന്ന ശേഷം തുടർനടപടി സ്വീകരിക്കും. 4,10,500 രൂപ പിഴയീടാക്കി.

സ്ഥാപനത്തിന്റെ ലൈസൻസ്, ജീവനക്കാരുടെ ഹെൽത്ത് കാർഡ് എന്നിവ പ്രത്യേകം പരിശോധിക്കുന്നുണ്ട്. ജലജന്യ രോഗങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ഹോട്ടലുകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കണമെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പും ആരോഗ്യ വകുപ്പ് അധികൃതരും നിർദ്ദേശം നൽകി.

88 കിലോ പഴകിയ മത്സ്യം കണ്ടെത്തി നശിപ്പിച്ചു. പരിശോധനയ്ക്ക് മൊബൈൽ ടെസ്റ്റിംഗ് ലാബിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു.


ആകെ പരിശോധന - 615

പിഴ - ₹ 41050

നോട്ടീസ് നൽകിയത് - 64 സ്ഥാപനങ്ങൾക്ക്

ജ്യൂസുകളിലും മറ്റും ശുദ്ധജലം ഉപയോഗിച്ചുള്ള ഐസുകൾ മാത്രമേ ഉപയോഗിക്കാവൂ. പരിശോധനകളെല്ലാം നിലവിൽ 'ഓപ്പറേഷൻ ലൈഫ്" എന്ന പേരിലാണ് നടത്തുന്നത്.

ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ