
കൊല്ലം: കേരളത്തിലെ ഇടത് - വലത് മുന്നണികൾ തുടരുന്നത് അതിരുവിട്ട മുസ്ലിം പ്രീണനമാണെന്ന യാഥാർത്ഥ്യം തന്റേടത്തോടെ വിളിച്ചുപറഞ്ഞ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൂശിക്കാൻ അനുവദിക്കില്ലെന്ന് കുണ്ടറ യൂണിയൻ മൺറോത്തുരുത്ത് മേഖലാ സമ്മേളനം അഭിപ്രായപ്പട്ടു.
മൺറോത്തുരുത്തിലെ ഭൂരിപക്ഷം വരുന്ന ഈഴവ സമുദായക്കാരുടെ ഏറനാളത്തെ ആവശ്യമായ ശ്മശാനം കുണ്ടറ യൂണിയന്റെ നേതൃത്വത്തിൽ യോഗം ജനറൽ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം മൺറോത്തുരുത്ത് പഞ്ചായത്ത് ഭൂമിയിൽ നിർമ്മിച്ചുനൽകാമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ശ്മശാനത്തിന്റെ പ്ലാനും എസ്റ്റിമേറ്റും യൂണിയൻ സെക്രട്ടറി അപേക്ഷ സഹിതം പഞ്ചായത്തിൽ സമർപ്പിച്ചപ്പോൾ നിർമ്മാണത്തിന് അനുമതി നൽകാതെ പണം പഞ്ചായത്തിൽ അടയ്ക്കണം എന്നുള്ള വിചിത്രമായ മറുപടിയാണ് നൽകിയത്.പഞ്ചായത്ത് ഭൂമിയിൽ ശ്മശാനം നിർമ്മിക്കുന്നതിന് പഞ്ചായത്തിനും എം.പി, എം.എൽ.എ എന്നിവർക്കും നിവേദനം സമർപ്പിക്കുമെന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്നും മേഖലാ സമ്മേളനം തീരുമാനിച്ചു.
യുണിയൻ സെക്രട്ടറി അഡ്വ.എസ്.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ഭാസി അദ്ധ്യക്ഷനായി. യൂത്ത് മൂവമെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സിബു വൈഷ്ണവ്, കിടപ്രം സൗത്ത്, കിടപ്രം നോർത്ത്, നെന്മേനി, മംഗളോദയം, പട്ടംതുരുത്ത്, കണ്ട്രാംകാണി , പേഴുംതുരുത്ത്, വില്വാമംഗലം, പെരുങ്ങാലം ശാഖാ ഭാരവാഹികൾ, വനിതാ സംഘം ഭാരവാഹികൾ എന്നിവർ സംസാരിച്ചു. മേഖല കൺവീനർ സജീവ് സ്വാഗതവും വി.ഹനീഷ് നന്ദിയും പറഞ്ഞു.