
കൊല്ലം: മൂന്നാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ജില്ലയിലെത്തിയ സുരേഷ് ഗോപി കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ വൈകിട്ട് 5.45നാണ് മാടൻനടയിലെ കൊല്ലൂർവിള ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ എത്തിയത്. അരമണിക്കൂറോളം ക്ഷേത്ര ഭാരവാഹികളുമായി ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.
ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എസ്.പ്രശാന്ത്, ഇരവിപുരം മണ്ഡലം പ്രസിഡന്റ് ജയപ്രകാശ്, ജനറൽ സെക്രട്ടറിമാരായ ബാലൻ, നിഷ, കിളികൊല്ലൂർ മണ്ഡലം സെക്രട്ടറി മനു വിപിനൻ, സെൽ കോ ഓഡിനേറ്റർ ബിജു, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ജനാർദ്ദനൻ, സെക്രട്ടറി ഹരി, വൈസ് പ്രസിഡന്റ് വിജയകുമാർ, മുൻ പ്രസിഡന്റ് ഹരികുമാർ, ഉപദേശക സമിതിയംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ ചേർന്ന് സുരേഷ് ഗോപിയെ സ്വീകരിച്ചു.
എല്ലാ മാസവും കുടുംബ ക്ഷേത്രത്തിൽ സുരേഷ് ഗോപി ദർശനം നടത്താറുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. തുടർന്ന് മാടൻനടയിലെ കുടുംബവീട്ടിലെത്തി സഹോദരനെയും കുടുംബത്തെയും സന്ദർശിച്ച് രാത്രി ഏഴോടെ മടങ്ങി.