ആലപ്പാട്: ആലപ്പാട് നോർത്ത് ലോക്കൽ കമ്മറ്റിയിൽ പൊട്ടിത്തെറി. തിരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്യുന്നതിനായി കൂടിയ സി.പി.എം ആലപ്പാട് നോർത്ത് ലോക്കൽ കമ്മറ്റി യോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും. ബഹളത്തെ തുടർന്ന് യോഗം പൂർത്തിയാക്കാതെ പിരിച്ചുവിട്ടു. ലോക്കൽ കമ്മറ്റി സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് ബഹളം ആരംഭിച്ചത്. ക്രമക്കേട് ചൂണ്ടിക്കാട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങൾ ലോക്കൽ കമ്മറ്റി സെക്രട്ടറിയെ ചോദ്യം ചെയ്തത് കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റംഗം രാധാമണി പങ്കെടുത്ത യോഗത്തിലാണ് സംഭവം. കമ്മറ്റിയെ ശാന്തമായി നിയന്ത്രിക്കാൻ ശ്രമിച്ച ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനോട് ലോക്കൽ കമ്മറ്റി സെക്രട്ടറി മോശമായ രീതിയിൽ സംസാരിച്ചതിനെ തുടർന്നുണ്ടായ സംഭവത്തിൽ കമ്മിറ്റി പൂർത്തീകരിക്കാതെ പിരിച്ചു വിടുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ബൂത്തുകൾക്ക് അനുവദിച്ച 15,000 രൂപയുമായി ബന്ധപ്പെട്ട കണക്കാണ് ബഹളത്തിന് ഇടയാക്കിയത്. ബൂത്തുകളിൽ 11,500രൂപ മാത്രമാണ് വിതരണം ചെയ്തതെന്നും ബാക്കി 3500 രൂപ എവിടെയെന്നും അംഗങ്ങൾ ചോദിച്ചു. ഗ്രാമപഞ്ചായത്തംഗംവും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ ലിജുവിന്റെ വസതിയിലാണ് യോഗം നടന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന സാഹചര്യത്തിൽ ആലപ്പാട് നോർത്ത് ലോക്കൽ കമ്മിറ്റിയിൽ സംഘർഷഭരിതമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്.