അഞ്ചാലുംമൂട്: കൊല്ലം- തേനി ദേശീയപാതയിലെ സി.കെ.പി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മത്സ്യച്ചന്ത, അഞ്ചാലുംമൂട്- കൊല്ലം റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. രാവിലെ പത്ത് മുതൽ ചന്ത അവസാനിക്കുന്ന ഉച്ചയ്ക്ക് 12.30വരെ വല്ലാത്ത ദുരിതമാണ് ഇവിടെ.
ചന്തയുടെ പ്രവർത്തന സമയത്ത്, സി.കെ.പിയിൽ നിന്ന് 800 മീറ്റർ അകലെയുള്ള കടവൂർ ജംഗ്ഷനിൽ എത്താൻ 15 മിനിറ്റും ഒരു കിലോ മീറ്ററിനടുത്ത് ദൂരമുള്ള അഞ്ചാലുംമൂട് ജംഗ്ഷനിലെത്താൻ 20 മിനിറ്റിലേറെയും വേണ്ടിവരുന്ന അവസ്ഥയാണ്.
മുമ്പ് ചന്ത പ്രവർത്തിച്ചിരുന്ന സ്ഥലം വൃത്തിഹീനമാണെന്ന പരാതിയെ തുടർന്ന് കോർപ്പറേഷൻ അധികൃതർ പൂട്ടിക്കുകയും സി.കെ.പി- കുരീപ്പുഴ ഭാഗത്തേക്കുള്ള റോഡിലെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം ചന്ത ഇവിടെ നിന്ന് മാറ്റുകയും, നേരത്തെ അടച്ചു പൂട്ടിയിരുന്ന സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. രാഷ്ട്രീയ ഇടപെടലാണ് ഇതിനു പിന്നിലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇവിടേക്കുള്ള വഴിയുടെ ഇരുവശവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാവാൻ കാരണം.
പ്രാക്കുളം, പെരുമൺ, പനയം, കുണ്ടറ, ചെങ്ങന്നൂർ ഭാഗത്തുനിന്നുള്ള സ്വകാര്യ, കെ.എസ്. ആർ.ടി.സി ബസുകൾ കൊല്ലം നഗരത്തിലെത്താൻ ആശ്രയിക്കുന്നത് സി.കെ.പി ജംഗ്ഷനുൾപ്പെട്ട കൊല്ലം തേനി ദേശീയപാതയാണ്. ചന്തയ്ക്ക് മുന്നിലെ ഗതാഗത കുരുക്ക് മൂലം പലപ്പോഴും വാഹനങ്ങളുടെ നിര കടവൂർ ബൈപ്പാസ് വരെ നീളും.
പേരിനൊരു വാർഡൻ
ചന്ത വീണ്ടും സി.കെ.പി ജംഗ്ഷനിലേക്ക് മാറ്റിയതോടെ ഗതാഗതക്കുരുക്ക് വർദ്ധിച്ചതിനാൽ, അഞ്ചാലുംമൂട് പൊലീസ് ട്രാഫിക്ക് വാർഡനെ ഗതാഗത നിയന്ത്രണത്തിന് ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഒരാൾക്ക് നിയന്ത്രിക്കാവുന്നതിലും അധികം വാഹനങ്ങളാണ് സി.കെ.പിയിലെത്തുന്നത്. ഒരാളെക്കൂടി നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. താരതമ്യേന വീതികുറഞ്ഞ റോഡാണ് സി.കെ.പി ജംഗ്ഷനിലേത്. അനധികൃത പാർക്കിംഗ് കാരണം സമീപത്തെ തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് രോഗികൾക്കും മറ്റും പ്രവേശിക്കാനാവാത്ത അവസ്ഥയുമുണ്ട്.