കരുനാഗപ്പള്ളി: ഹീമോഫിലിയ രോഗത്തിനുള്ള ജീവൻരക്ഷാ മരുന്ന് താലൂക്ക് ആശുപത്രികളിൽ ലഭിക്കുന്നില്ലെന്ന് പരാതി വ്യാപകമായി. മരുന്ന് കിട്ടാതായതോടെ രോഗികൾ ബുദ്ധിമുട്ടിലായി. ഒരു മാസമായി താലൂക്ക് ആശുപത്രികളിൽ മരുന്ന് കിട്ടാനില്ലെന്നാണ് രോഗികൾ പറയുന്നത്. ഈ രോഗത്തിനുള്ള മരുന്ന് പുറത്തെ മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമല്ല. വിലയേറിയ മരുന്നാണിത്.

കാരുണ്യ ഫാർമസിയിൽ കിട്ടിയിരുന്നു

2022ന് മുമ്പ് വരെ ഡോക്ടറുടെ കുറുപ്പടിയുമായി കാരുണ്യ ഫാർമസിയിൽ ചെന്നാൽ സൗജന്യമായി മരുന്ന് കിട്ടുമായിരുന്നു. മരുന്ന് ഉപയോഗിച്ച് കഴിഞ്ഞാൽ ഡോക്ടറുടെ കുറുപ്പടിയും യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റും മരുന്നിന്റെ ഒഴിഞ്ഞ കുപ്പിയും കൂടി കാരുണ്യ ഫാർമസിസിൽ തിരികെ നൽകിയാൽ വീണ്ടും മരുന്ന് ലഭിച്ചിരുന്നു. ശരീരത്തിന്റെ ജോയിന്റുകൾക്ക് അമിതമായ വേദനയും നീരും അനുഭവപ്പെടുമ്പോഴാണ് രോഗികൾ കുത്തി വെയ്പ്പ് നടത്തുന്നത്. കാരുണ്യ ഫാർമസി മുഖേന മരുന്ന് വിതരണം ചെയ്യുന്ന രീതി 2022 മുതൽ ആരോഗ്യ വകുപ്പ് നിറുത്തലാക്കി.

ജീവന് തന്നെ ഭീഷണി

നിലവിൽ ദേശീയ ആരോഗ്യ പദ്ധതയിൽ ഉൾപ്പെടുത്തി ആശാധാരാ പദ്ധതി പ്രകാരം താലൂക്ക് ആശുപത്രിയിൽ നിന്നാണ് മരുന്നുകൾ വിതരണം ചെയ്യുന്നത്. ഹീമോഫീലിയ രോഗികൾക്ക് താലൂക്ക് ആശുപത്രിയിൽ നിന്ന് ഒരു ബുക്ക് നൽകിയിട്ടുണ്ട്. മരുന്ന് ആവശ്യമുള്ള രോഗികൾ ഒ.പി ടിക്കറ്റ് എടുത്ത് ബുക്കുമായി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെയോ ക്വാഷ്യലിറ്റി ഡോക്ടരെയോ കണ്ടാൽ പരിശോധനയ്ക്ക് ശേഷം മരുന്ന് കുറിച്ച് നൽകും. താലൂക്ക് ആശുപത്രി , ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ മാത്രമേ ഈ രോഗത്തിനുള്ള മരുന്ന് ലഭിക്കൂ. ഹീമോഫീലിയ രോഗികൾക്കുള്ള മരുന്നുകൾ ഉടൻ താലൂക്ക് ആശുപത്രികളിൽ ലഭ്യമാക്കിയില്ലെങ്കിൽ രോഗികളുടെ ജീവന് തന്നെ ഭീഷണി ആകുമെന്നാണ് രോഗികൾ ആശങ്കപ്പെടുന്നത്.