കൊല്ലം: മയ്യനാട് ആർ.ഒ.ബിക്കായുള്ള സ്വകാര്യ ഭൂമി ഏറ്റെടുത്ത് മാസങ്ങളായി​ട്ടും, സർക്കാർ ഉടമസ്ഥതയിലുള്ള വെള്ളമണൽ സ്കൂൾ വളപ്പിലെ 0.77 ചതുരശ്ര മീറ്റർ സ്ഥലത്തിന്റെ കൈമാറ്റം അനന്തമായി നീളുന്നത് പ്രതി​സന്ധി​യായി​.

ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചപ്പോൾത്തന്നെ, സ്കൂളിന്റെ ഭൂമി വിട്ടുനൽകാനുള്ള കത്ത് പൊതുമരാമത്ത് വകുപ്പ് വിദ്യാഭ്യാസ വകുപ്പിന് നൽകിയെങ്കിലും ചലനമുണ്ടായിട്ടില്ല. ആർ.ഒ.ബി നിർമ്മാണം ടെണ്ടർ ചെയ്യാനായി എസ്റ്റിമേറ്റ് പരിഷ്കരിച്ച് വരികയാണ്. രണ്ട് മാസത്തിനകം എസ്റ്റിമേറ്റ് തയ്യാറാകുമെങ്കിലും ഭൂമി പൂർണമായും കൈമാറിക്കിട്ടിയാലെ ടെണ്ടറിലേക്ക് കടക്കാനാകൂ. അലൈൻമെന്റിനെതിരെ പ്രദേശവാസികളിൽ ചിലർ കോടതിയെ സമീപിച്ചെങ്കി​ലും എല്ലാ വി​ഷയങ്ങളും മറി​കടന്ന് ഇത്രത്തോളം എത്തുകയായി​രുന്നു,

വെള്ളമണൽ സ്കൂളിന്റെ ഭൂമി കൈമാറ്റവും പരിഷ്കരിച്ച എസ്റ്റിമേറ്റിനുള്ള അംഗീകാരവും വൈകിയില്ലെങ്കിൽ നാല് മാസത്തിനം പാലം നിർമ്മാണം ടെണ്ടർ ചെയ്യാനാകും. ഡി.പി.ആറിനൊപ്പം 2018ൽ തയ്യാറാക്കിയ എസ്റ്റിമേറ്റാണ് നിലവിലുള്ളത്. ഈ ഡിപി.ആർ പ്രകാരം സ്ഥലം ഏറ്റെടുപ്പ് സഹിതം 25.95 കോടി രൂപ മാത്രമാണ് ആർ.ഒ.ബി നിർമ്മാണത്തിന് അനുവദിച്ചിട്ടുള്ളത്. ഇതിൽ 17 കോടിയോളം രൂപ സ്ഥലമേറ്റെടുപ്പിന് ചെലവായി. ആർ.ഒ.ബി നിർമ്മാണത്തിന് കുറഞ്ഞത് 25 കോടിയെങ്കിലും വേണ്ടി വരും. പരിഷ്കരിച്ച എസ്റ്റിമേറ്റ് പ്രകാരം, നിർമ്മാണത്തിന് ആവശ്യമായ കൂടുതൽ തുക കിഫ്ബിയിൽ നിന്ന് അനുവദിക്കണം. പാലത്തിന്റ ജി.എ.ഡിക്ക് റെയിൽവേയുടെ അംഗീകാരം സഹിതമുള്ള മറ്റ് നടപടികളെല്ലാം പൂർത്തിയായിട്ടുണ്ട്.

അപ്രോച്ച് റോഡ് സഹിതം പാലത്തിന്റെ നീളം: 386 മീറ്റർ

വീതി: 10.20 മീറ്റർ