1-
കൊട്ടിയം എൻ എസ് എം ജി എച്ച് സ്കൂളിൽ എസ് പി സി കേഡറ്റുകളെ തിരഞ്ഞെടുക്കാൻ നടത്തിയ കായിക ക്ഷമത പരീക്ഷ.

കൊല്ലം: ജില്ലയിലെ 36 സ്‌കൂളുകളിൽ നിന്ന് 1584 വിദ്യാർത്ഥികളെ കുട്ടി പൊലീസിലേക്ക് (സ്റ്റുഡന്റ് പൊലീസ് കേഡറ്റ്) തിരഞ്ഞെടുത്തു. കഴിഞ്ഞ 12ന് തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തു പരീക്ഷ നടത്തിയിരുന്നു. വിജയിച്ചവരെയാണ് കുട്ടി പൊലീസിലേക്ക് തിരഞ്ഞെടുത്തത്. തിരഞ്ഞെടുത്തവർക്കുള്ള ശാരീരിക ക്ഷമത പരിശോധന സ്‌കൂളുകളിൽ നടന്നുവരികയാണ്. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടവരിലേറെയും പെൺകുട്ടികളും എട്ടാം ക്ലാസ് വിദ്യാർത്ഥികളുമാണ്.

വിദ്യാർത്ഥികളുടെ സ്‌കൂളിന്റെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ശാരീരിക ക്ഷമത പരിശോധന നടക്കുന്നത്. 22 ആൺകുട്ടികളും 22 പെൺകുട്ടികളും ഉൾപ്പെടെ 44 പേർ അടങ്ങുന്നതാണ് ഒരു സ്‌കൂളിലെ കുട്ടിപൊലീസ് യൂണിറ്റ്. 44,000 രൂപയാണ് ഈ വർഷം പ്ലാൻ ഫണ്ടിൽ എസ്.പി.സി പ്രോജക്ടിന്റെ റിഫ്രഷ്‌മെന്റിനായി വച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് 20,000 രൂപയും നൽകും. സംസ്ഥാന ആഭ്യന്തരവകുപ്പിന് കീഴിലാണ് എസ്.പി.സിയുടെ പ്രവർത്തനം.
കമ്മ്യുണിറ്റി പൊലീസ് ഓഫീസർമാരായി സ്‌കൂളുകളിൽ ഒരു അദ്ധ്യാപകനും വനിതാ അദ്ധ്യാപികയ്ക്കും ആണ് ചുമതല. ഇതിനുപുറമേ സമീപത്തെ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടാകും.

വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക്
ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ, ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മിഷണർ എൻ.ഷിബു, എ.ഡി.എൻ.ഒ ബി.രാജേഷ്, എ.എൻ.ഒ വൈ.സാബു. പ്രോഗ്രാം ഓഫീസർ ഷഹീർ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടി പൊലീസിന്റെ പ്രവർത്തനം. വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കും നൽകും.