കൊല്ലം: കാലിത്തീറ്റയ്ക്ക് പകരം നൽകിയ പൊറോട്ടയും ചക്കയും തിന്ന് അവശനിലയിലായ രണ്ട് കറവപ്പശുക്കൾ കൂടി ചത്തു. തിങ്കളാഴ്ച വൈകിട്ട് മൂന്നോടെയാണ് ചികിത്സയിലിരുന്ന പശുക്കൾ ചത്തത്. ഇതോടെ ചത്ത പശുക്കളുടെ എണ്ണം ഏഴായി. മൂന്ന് പശുക്കൾ അവശനിലയിൽ തുടരുകയാണ്. നാലെണ്ണത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.
നോർമൽ സലൈൻ, സോഡാ ബൈ കാർബ്, തയമിൻ, ഉൾപ്പെടെയുള്ള മരുന്നുകളാണ് നൽകുന്നത്. വയറ്റിലുണ്ടായ അമ്ല വിഷബാധയ്ക്ക് കാരണം പൊറോട്ടയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വിദഗ്ദ്ധ പരിശോധനയ്ക്ക് വയറ്റിലെ തീറ്റ സാമ്പിളും രക്തവും ശേഖരിച്ചു. ഇത് പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അനിമൽ ഡിസീസ് ലബോറട്ടറിലേക്ക് അയയ്ക്കും. മൃഗസംരക്ഷണ വകുപ്പ് പ്രോജക്ട് ഓഫീസർ ഡോ.എസ്.ദീപ്തിയുടെ നേതൃത്വത്തിൽ ഡോ. മോളി വർഗീസ്, ഡോ. അഭിറാം, ഡോ. കെ. മാലിനി, ഡോ. നിയാസ് എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്.
ശനിയാഴ്ച വൈകിട്ടാണ് വെളിനല്ലൂർ വട്ടപ്പാറ അൻസിറ മൻസിലിൽ ഹസ്ബുള്ളയുടെ ഫാമിലെ ആദ്യത്തെ പശു ചത്തത്. തുടർന്ന് ഞായറാഴ്ച രാവിലെ എട്ടോടെ നാല് പശുകൾ കൂടി ചത്തു. സാധാരണ ഹസ്ബുള്ളയാണ് പശുക്കൾക്ക് തീറ്റ നൽകുന്നത്. ശനിയാഴ്ച അദ്ദേഹത്തിന് പകരമെത്തിയ ആൾ അളവറിയാതെ പൊറോട്ടയും ചക്കയും അമിതമായി തീറ്റയിൽ ചേർക്കുകയായിരുന്നു.
വിദഗ്ദ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തും. മൃഗസംരക്ഷണ വകുപ്പിന്റെ സമഗ്ര ഫാം പാക്കേജിൽ ഉൾപ്പെടുത്തി ഒരുലക്ഷം രൂപയുടെ സഹായം നൽകാൻ കഴിയുമോയെന്ന് പരിശോധിക്കും.
ഡോ. ഡി.ഷൈൻ കുമാർ,
ജില്ലാ മൃഗസംരക്ഷണ ഓഫീസർ