പത്തനാപുരം: ഭാര്യയും മൂന്നുമക്കളും ഉപേക്ഷിച്ച മോഹനൻ എന്ന 64 കാരന് അഭയമൊരുക്കി പത്തനാപുരം ഗാന്ധിഭവൻ. കുണ്ടറ പെരുമ്പുഴ കല്ലിങ്കൽഭാഗത്ത് കുറ്റിക്കാട്ടിലെ തകരഷീറ്റ് മറച്ച ഷെഡിൽ മഴയും മഞ്ഞുമേറ്റ് കിടന്ന മോഹനന് നാട്ടുകാർ നൽകുന്ന ഭക്ഷണമായിരുന്നു ആശ്രയം. ഇടതുകൈ പൂർണമായും ചലനശേഷി നഷ്ടപ്പെട്ടതാണ്. മോഹനന്റെയും സഹോദരന്മാരുടെയും പേരിലുള്ള കുടുംബവകയായ ആളൊഴിഞ്ഞ പറമ്പിൽ ഒരു തകരഷെഡ് കെട്ടി പിതാവിനെ അതിനുള്ളിലാക്കി കടന്നുകളഞ്ഞത് സ്വന്തം മകനാണെന്ന് മോഹനൻ പറയുന്നു. വെൽഡിംഗ് ജോലി ചെയ്തിരുന്ന മോഹനന് പൊടുന്നനെ പക്ഷാഘാതം പിടിപെട്ട് ശരീരത്തിന്റെ ഒരു വശം തളർന്ന് കിടപ്പിലായതോടെ ഭാര്യയ്ക്കും മക്കൾക്കും ഒരു ബാധ്യതയായി മാറുകയായിരുന്നു. തനിക്ക് ആയകാലത്ത് നന്നായി പണിയെടുത്ത് കുടുംബം നോക്കി. വയ്യാതായപ്പോൾ ഭാര്യയും മക്കളും ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല. ഭാര്യയും മകനും സമീപത്തുതന്നെയാണ് താമസിക്കുന്നത്. ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് രണ്ട് പെൺമക്കളെ മോഹനൻ വിവാഹം ചെയ്തയച്ചത്. മോഹനന്റെ ജീവിതകഥ ഗാന്ധിഭവന്റെ ശ്രദ്ധയിൽപ്പെടുത്തിയത് മനുഷ്യാവകാശ പ്രവർത്തകനായ സാബു താഴംപണയാണ്. അങ്ങനെ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന്റെ നിർദ്ദേശപ്രകാരം വൈസ് ചെയർമാൻ പി.എസ്.അമൽരാജിന്റെ നേതൃത്വത്തിലുള്ള സേവനപ്രവർത്തകർ സ്ഥലത്തെത്തി നാട്ടുകാരുടെയും സാമൂഹ്യപ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ മോഹനനെ ഗാന്ധിഭവനിലേക്ക് ഏറ്റെടുക്കുകയായിരുന്നു.