jaynu-dead

ചാത്തന്നൂർ: ദേശീയപാതയിൽ നിറുത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു. ചിറക്കര കാരംകോട് തട്ടാരുകോണം ജയ്‌നു നിവാസിൽ ജയ്നുവാണ് (58) മരിച്ചത്. കാർ പൂർണമായി നശിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ചാത്തന്നൂർ സ്പ‌ിന്നിംഗ് മില്ലിന് സമീപം മാൻകുന്നം ആശുപത്രിക്ക് മുന്നിൽ നിർമ്മാണം നടക്കുന്നിടത്ത് ഞായറാഴ്ച വൈകിട്ട് 6.55നായിരുന്നു സംഭവം.

മരുമകൻ റോയി ഹിലാരിയുടെ ഉടമസ്ഥതയിലുള്ള കാറുമായാണ് രാവിലെ ക്ഷേത്രത്തിലേയ്ക്കെന്ന് പറഞ്ഞു ജെയ്നു പോയത്. ഇദ്ദേഹത്തെ ഉച്ചയ്ക്ക് 1.30ന് ചാത്തന്നൂർ കുരുശുംമൂട്‌ വച്ച് കണ്ടതായി ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. ഉച്ചയ്ക്ക് രണ്ടിന് ശേഷം ജയ്‌നുവിനെ വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല.

തീ ആളുന്നത് കണ്ട് നാട്ടുകാർ പൊലീസിലും ഫയർഫോഴ്‌സിലും വിവരം അറിയിച്ചു. ഈ സമയം തിരുവനന്ത പുരത്ത് നിന്ന് മറ്റൊരു കാറിൽ മങ്ങാട്ടുള്ള വീട്ടിലേക്ക് പോവുകയായിരുന്ന റോയ് ഹിലാരിയും ഭാര്യയും ചാത്തന്നൂർ ശീമാട്ടി ജംഗ്ഷനിലെത്തിയപ്പോൾ ആളുകൂടി നിൽക്കുന്നത് കണ്ട് റോഡിലിറങ്ങി കാര്യം തിരക്കി. കാറിന്റെ നമ്പർ പറഞ്ഞപ്പോൾ തന്റെ കാറാണ് കത്തിയതെന്ന് റോയ് പൊലീസിനെ അറിയിച്ചു. ഇതിൽ നിന്നാണ് ജയ്നു ആണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.

പരവൂരിൽ നിന്ന് ഫയർഫോഴ്സെത്തി 15 മിനിറ്റിലധികം പ്രയത്നിച്ചാണ് തീ അണച്ചത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.