എഴുകോൺ : എഴുകോൺ ഗ്രാമപഞ്ചായത്തിലെ പോച്ചംകോണം കുളം കാടും പടലും മൂടി വൃത്തിഹീനമായി കിടക്കുന്നു. ജലജന്യ രോഗങ്ങൾ പെരുകുമ്പോഴും ഇതുപോലുള്ള കുടിവെള്ള സ്രോതസ് വൃത്തിയാക്കാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു. എഴുകോണിലെ ആദ്യ കാല കുടിവെള്ള പദ്ധതിയുടെ പമ്പ്ഹൗസാണ് പോച്ചം കോണം കുളത്തിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ളത്. കുണ്ടറ ജലവിതരണ പദ്ധതി എത്തും മുൻപ് എഴുകോണിലെ പ്രധാന കുടിവെള്ള പദ്ധതിയായിരുന്നു ഇത്. നിലവിൽ എഴുകോൺ ലക്ഷംവീട്, പോച്ചംകോണം, വാളായിക്കോട് തുടങ്ങിയ മേഖലകളിൽ വെള്ളമെ ത്തിക്കുന്ന പദ്ധതിയാണ്.
കുളത്തിൽ നിന്ന് കിണറിലേക്ക്
പമ്പ് ഹൗസിൽ തന്നെയുള്ള കിണറാണ് പ്രധാന സ്രോതസ്. ഈ കിണറിലേക്ക് വെള്ളം എത്തുന്നത് പോച്ചംകോണം കുളത്തിൽ നിന്നാണ്. കിണറിലേക്ക് വെള്ളം എത്തിക്കുന്നതിന് കുളത്തിന്റെ വശങ്ങളിൽ നിന്ന് ആഴത്തിൽ മണ്ണ് മാറ്റിയ ശേഷം മണൽ വിരിച്ചിരിക്കുകയാണ്. ഇതിലൂടെ ജലം അരിച്ച് കിണറിലെത്തും. ഇവിടെ നിന്ന് കോളന്നൂരിലുള്ള പഞ്ചായത്ത് ജലസംഭരണിയിൽ എത്തിച്ചാണ് വിതരണക്കുഴലുകളിലേക്ക് ഒഴുക്കുന്നത്.റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് പമ്പിംഗ് നിയന്ത്രിക്കുന്നത്. ജലസംഭരണിയിൽ ശുദ്ധീകരണ പ്ലാന്റില്ലാത്തതിനാൽ ക്ലോറിനേഷൻ മാത്രമാണ് വെള്ളം ശുദ്ധീകരിക്കാനുള്ള മാർഗ്ഗം.
അധികൃതർ തിരിഞ്ഞുനോക്കുന്നില്ല
പോച്ചംകോണം കുളം വൃത്തിയാക്കുന്ന പതിവ് നിലച്ചിട്ട് ഏറെക്കാലമായി. കുറ്റിച്ചെടികളും, പൂച്ചെടികളും മൂടി കുളത്തിലെ വെള്ളം കാണാനാകാത്ത സ്ഥിതിയാണ്. ഇടതുകര കനാലിന് സമീപത്താണ് കുളം. മാലിന്യങ്ങൾ വ്യാപകമായി വലിച്ചെറിയുന്ന ഭാഗം കൂടിയാണിത്. കാടുമൂടിയ കുളത്തിലേക്ക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ ഇപ്പോഴത്തെ നിലയിൽ കാണാനാകില്ല.
ജലവിതരണ വകുപ്പിന്റെ കുണ്ടറ ഡിവിഷന്റെ ചുമതലയിലാണ് ഇവിടുത്തെ പമ്പ് ഹൗസ്. കുളത്തിന്റെ പരിപാലന ചുമതല ഗ്രാമപഞ്ചായത്തിനാണ്. പകർച്ച വ്യാധികൾ ഭീഷണിയാകുന്ന കാലത്ത് കുടിവെള്ള സ്രോതസുകളുടെ പരിപാലനം പ്രധാനമാണ്. എന്നാൽ നിരന്തരം ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ജലസ്രോതസ് മലിനമായി കിടക്കുന്നത് ഗ്രാമപഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തും.
എ. ഇ, ജലവിതരണ വകുപ്പ്, കുണ്ടറ.