കൊല്ലം: സ്റ്റേഷനിലെത്തിയ സി.പി.എം നേതാവിനെ അപമാനിച്ചെന്ന പരാതിയിൽ ഗ്രേഡ് എസ്.ഐ അനിൽകുമാർ, സി.പി.ഒ ഷെമീർ എന്നിവരെ റൂറൽ എസ്.പി കെ.എം.മാത്യു സസ്പെൻഡ് ചെയ്തു. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. രവീന്ദ്രനാഥിനെ അപമാനിച്ചെന്ന പരാതിയിലാണ് നടപടി.

ഒരാഴ്ച മുമ്പായിരുന്നു സംഭവം. പ്രദേശത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിലുള്ള ഒത്തുതീർപ്പ് ചർച്ചയ്ക്ക് എസ്.ഐ ആവശ്യപ്പെട്ടതിനെ തുടർന്നാണ് രവീന്ദ്രനാഥ് സ്റ്റേഷനിലെത്തിയത്. എന്നാൽ ഈ സമയം എസ്.ഐ സ്ഥലത്തില്ലായിരുന്നു. ഇതിനിടയിൽ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരും രവീന്ദ്രനാഥും തമ്മിൽ തർക്കമായി. ഇതിനിടെ പൊലീസുകാർ രവീന്ദ്രനാഥിനെ പിടിച്ചുതള്ളിയ ശേഷം അപമാനിച്ചെന്നായിരുന്നു പരാതി.

മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ ഡിവൈ.എസ്.പി സ്റ്റുവർട്ട് ഹീലർ സ്റ്റേഷനിലെ നിരീക്ഷണ കാമറകളടക്കം പരിശോധിച്ച് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.