വനംവകുപ്പ് നിശ്ചയിച്ച വില 85,000
മീനമ്പലം: പരവൂർ- പാരിപ്പള്ളി റോഡിൽ മീനമ്പലത്തിനും പ്ലാവിൻമൂടിനും ഇടയിൽ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരം വാഹനങ്ങൾക്കും യാത്രക്കാർക്കും സ്ഥാപനങ്ങൾക്കും ഭീഷണിയായിട്ടും അധികൃതർ ഗൗനിക്കുന്നില്ല. മരം മുറിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനോടകം നിരവധി തവണ പരാതികൾ നൽകിയതായി വ്യാപാരികളും പ്രദേശവാസികളും പറയുന്നു.
പൊതുമരാമത്ത് വകുപ്പിനാണ് മരത്തിന്റെ ഉടമസ്ഥാവകാശം. എന്നാൽ വനം വകുപ്പാണ് മൂല്യനിർണയം നടത്തുന്നത്. ഫോറസ്‌റ്റ് ഡവലപ്മെന്റ് ടാക‌്സ് ഉൾപ്പെടെ ഈ മരത്തിന് 85,000 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. പക്ഷേ, ഇത്രയും വലിയ തുകയ്‌ക്ക് മരം ലേലത്തിലെടുക്കാൻ ആരും മുന്നോട്ട് വരാത്തതാണ് അനിശ്ചിതത്വത്തിന് കാരണം. സമീപത്തെ വീടിനും വൈദ്യുതി തൂണിനുമാണ് കൂടുതൽ ഭീഷണി.
സദാസമയം തിരക്കേറിയ റോഡിൽ വാഹനങ്ങളുടെ വൻനിരയാണ് പലപ്പോഴുമുള്ളത്. കാലവർഷത്തിനൊപ്പം മിക്കപ്പോഴും ആഞ്ഞുവീശുന്ന കാറ്റിൽ മരം കടപുഴകാനോ ശിഖരങ്ങൾ ഒടിഞ്ഞു വീഴാനോ സാദ്ധ്യതയുണ്ട്. അപകട നിലയിലുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ ജില്ലാതല ട്രീ കമ്മിറ്റിയുടെ അനുമതി തേടണം. ആർ.ഡി.ഒയുടെ അദ്ധ്യക്ഷതയിലാണ് കമ്മിറ്റികൾ കൂടുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വനംവകുപ്പിന്റെയും പ്രതിനിധികൾ കൂടി ഉൾപ്പെട്ടതാണ് ഈ സമിതി. എന്നാൽ അടിയന്തര സാഹചര്യത്തിൽ പഞ്ചായത്തിന് സ്വന്തം നിലയിൽ യോഗം ചേരാം.
.....................................
നേരത്തെ ഈ പ്രദേശത്തുനിന്ന്, സമാന സാഹചര്യത്തിലുള്ള രണ്ട് മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. ഇതിന്റെ ചെലവ് ആര് വഹിക്കുമെന്നതാണ് പ്രശ്‌നം. പലപ്പോഴും പഞ്ചായത്ത് സെക്രട്ടറിമാർ ഈ ഉത്തരവാദിത്വം ഏറ്റെടുക്കാറില്ല
ബൈജു ലക്ഷ്മണൻ,
ആരോഗ്യ- വിദ്യാഭ്യാസ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,
കല്ലുവാതുക്കൽ പഞ്ചായത്ത്.
....................................
സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ മരം മുറിക്കൽ നീളുന്നത് നിരവധി ജീവനുകൾക്ക് ഭീഷണിയാണ്. എത്രയും വേഗം മുറിച്ചു നീക്കാൻ നടപടി സ്വീകരിക്കണം
എൻ.ആർ. ഷീജ
.............................................
മരത്തിന് സമീപത്തുകൂടി 11 കെ.വി ലൈൻ കടന്നു പോകുന്നത് പ്രശ്‌നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ലോറികളുടെ മുകൾ ഭാഗം ശിഖരങ്ങളിൽ നിരന്തരം ഉരസുന്നതിനാൽ ഈ ഭാഗങ്ങൾ ദുർബലമാണ്. റോഡ് പണിക്കിടെ സമീപത്തെ മണ്ണ് നീക്കിയതിലൂടെയും ബലക്ഷയമുണ്ടായി
ഡി. സുകേശൻ,
വ്യാപാരി വ്യവസായി ഏകോപന സമിതി മീനമ്പലം യൂണിറ്റ് പ്രസിഡന്റ്.
..................................................
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ വൃക്ഷം ഉടൻ മുറിച്ചു നീക്കണം
എം. സത്യബാബു,
എസ്.എൻ.ഡി.പി യോഗം 1001-ാം നമ്പർ കരിമ്പാലൂർ ശാഖ പ്രസിഡന്റ്.