
കൊല്ലം: മഴയെ തുടർന്ന് നാടാകെ പകർച്ചവ്യാധികൾ പടരുമ്പോഴും ജില്ലയിലെ സർക്കാർ ആതുരാലയങ്ങളിൽ ചികിത്സിക്കാൻ ഡോക്ടർമാരില്ല. ജില്ലയിൽ 28 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
അഡ്മിനിസ്ട്രേറ്രീവ് കേഡറിൽ രണ്ടും വിവിധ സ്പെഷ്യാലിറ്റികളിലായി പത്തൊൻപതും ജനറൽ കേഡറിൽ അസിസ്റ്റന്റ് സർജന്മാരുടെ ഏഴും ഒഴിവുകളാണുള്ളത്.
ആശുപത്രികളിലെ സൗകര്യങ്ങളുടെ കാര്യത്തിൽ വലിയ മാറ്റം വന്നിട്ടുണ്ടെങ്കിലും ഡോക്ടർമാരുടെ കുറവ് യഥാസമയം ചികിത്സ ലഭ്യമാക്കുന്നതിൽ തിരിച്ചടിയായി. പലപ്പോഴും തദ്ദേശ സ്ഥാപനങ്ങൾ തനത് ഫണ്ട് വിനിയോഗിച്ചാണ് താത്കാലിക ഡോക്ടർമാരെ നിയമിക്കുന്നത്. താലൂക്ക് ആശുപത്രികൾ, സാമൂഹ്യാരോഗ്യകേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം വേണ്ടത്ര ഡോക്ടർമാരില്ല.
ഡെങ്കിപ്പനി, എലിപ്പനി ഉൾപ്പെടെ രോഗങ്ങൾ പടരുമ്പോൾ ഡോക്ടർമാരുടെ അഭാവം ചികിത്സയും താളംതെറ്റിച്ചു. ആയിരത്തിലധികം പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ ദിനംപ്രതി ഒ.പിയിൽ എത്തുന്നത്. ഡോക്ടർമാർ കുറവായതിനാൽ മണിക്കൂറുകളോളമാണ് രോഗികൾ കാത്തിരിക്കുന്നത്. പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നുണ്ടെങ്കിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാർക്ക് സ്വകാര്യ ആശുപത്രിയിലെ ബിൽ താങ്ങാവുന്നതിലും അധികമാണ്.
അഞ്ച് ഡോക്ടർമാരുള്ള ആരോഗ്യകേന്ദ്രങ്ങളിൽ ഒന്നും രണ്ടും ഡോക്ടർമാരാണ് നിലവിൽ ഡ്യൂട്ടിയിലുള്ളത്.
സ്റ്റാഫ് പാറ്റേണിന് ആറര പതിറ്റാണ്ട് പഴക്കം
1961ലെ സ്റ്രാഫ് പാറ്റേണാണ് ഇപ്പോഴും പിന്തുടരുന്നത്
രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരില്ല
മറ്ര് ജീവനക്കാരുടെയും പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടില്ല
നഴ്സുമാരുടെ എണ്ണത്തിലും കാര്യമായ കുറവ്
പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ നിയമനം മുടങ്ങിയിട്ട് വർഷങ്ങൾ
രാത്രിയിൽ ഡോക്ടറില്ല
സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിൽ രാത്രികാലങ്ങളിൽ ഡോക്ടർമാരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അത്യാസന്ന നിലയിൽ എത്തുന്നവർക്ക് യഥാസമയം ചികിത്സയും ലഭിക്കുന്നില്ല.
രോഗികളുടെ എണ്ണം ഇരട്ടിയിലധികമായതോടെ ചികിത്സ താളം തെറ്റി. ഉള്ള ഡോക്ടർമാർ യഥാസമയം ഡ്യൂട്ടിക്ക് എത്താത്തതും പ്രതിസന്ധിയാണ്.
അനിൽ, കൊല്ലം