കൊല്ലം: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് (എയിംസ്) കുണ്ടറയിൽ സ്ഥാപിക്കണമെന്ന് കുണ്ടറ പൗരവേദി പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. അലിൻഡ് ഫാക്ടറി നിൽക്കുന്ന 62.5 ഏക്കർ സ്ഥലം 2000ൽ പാട്ടക്കരാർ അവസാനിച്ചതു മൂലം സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലായി. ഈ സ്ഥലവും പ്രവർത്തനരഹിതമായ സ്റ്റാർച്ച് ഫാക്ടറിയുടെ 25 ഏക്കറും ഉൾപ്പെടെ ഏറ്റെടുത്താൽ എയിംസ് സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം ലഭിക്കും. കൊല്ലം തേനി ദേശീയപാതയും,കൊല്ലം തിരുമംഗലം ദേശീയപാതയും കൊല്ലം ചെങ്കോട്ട റെയിൽപാതയും ഇതുവഴി കടന്നു പോകുന്നുണ്ട്. അഷ്ടമുടിക്കായലിലൂടെ ജലഗതാഗതവും സാദ്ധ്യമാണ്. ഇവിടെ എയിംസ് സ്ഥാപിക്കാൻ എൻ.കെ.പ്രേമചന്ദ്രൻ എം.പിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുൻകൈ എടുക്കണമെന്ന് പൗരവേദി ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രൊഫ. വെള്ളിമൺ നെൽസൺ, സെക്രട്ടറി കെ.ബി. മാത്യൂസ്, പ്രൊഫ.എസ്. വർഗ്ഗീസ്, ശശിധരൻ പിള്ള, ബാബുരാജ്, അബ്ദുൾ ഖാദർ, ഡോ.ശിവദാസൻ പിള്ള, മണി ചീരങ്കാവ് തുടങ്ങിയവർ പങ്കെടുത്തു.