
എത്താൻ ഏക മാർഗ്ഗം യാത്രാബോട്ട്
മൺറോത്തുരുത്ത്: അഷ്ടമുടിക്കായലിനാൽ ചുറ്റപ്പെട്ട പെരുങ്ങാലംകുന്ന് 'സഞ്ചാര സ്വാതന്ത്ര്യ'ത്തിനായി മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളെയെങ്കിലും, അർഹിക്കുന്ന ഗൗരവം നൽകാതെ അധികൃതർ മുഖംതിരിഞ്ഞു നിൽക്കുന്നു. ഒന്നു മിനുക്കിയെടുത്താൽ, വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയാവും പെരുങ്ങാലംകുന്ന് എന്നതിൽ രണ്ടു പക്ഷമുണ്ടാവില്ല.
ദുർഘടമായ ഭൂപ്രകൃതിയാണ് പ്രദേശത്തിന്റെ മുഖ്യശത്രു. ഇതിനാൽ സഞ്ചാരികൾക്ക് അനായാസം ഇവിടെ എത്തിച്ചേരാൻ കഴിയില്ല. സമുദ്രനിരപ്പിൽ നിന്നു 15 മീറ്ററോളം ഉയരമുണ്ട്. മുന്നൂറോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഈ കുന്നിലേക്ക് വാഹനം പോയിട്ട് ഒരു സൈക്കിൾ പോലും എത്തുകയില്ലെന്നതാണ് അവസ്ഥ. ഏകമാർഗ്ഗം കൊല്ലത്ത് നിന്നുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ടാണ്. ദ്വീപിലെ ഹയർ സെക്കൻഡറി സ്കൂളിലേക്ക് അദ്ധ്യാപകരും കുട്ടികളും എത്തുന്നത് ബോട്ടിലാണ്. ചുരുക്കം ചിലർ കടത്തുവള്ളവും ചതുപ്പുനിറഞ്ഞ നടപ്പാതകളും താണ്ടി എത്തും. മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ഇവിടെ കരമാർഗ്ഗം എത്തണമെങ്കിൽ, റെയിൽവേ സ്റ്റേഷനിൽ നിന്നു രണ്ട് കിലോമീറ്റർ റോഡ് നിർമ്മിക്കണം. ഒപ്പം, കല്ലടയാറിന്റെ ശാഖയായ കൊന്നയിൽ തോട്ടിൽ പാലം നിർമ്മിക്കേണ്ടതുണ്ട്. പണ്ട് ഇവിടെ ഒരു നടപ്പാലം ഉണ്ടായിരുന്നു. അത് 1994 ലെ വെള്ളപ്പൊക്കത്തിൽ തകർന്നു. അന്നു മുതൽ പെരുങ്ങാലം നിവാസികൾ പാലത്തിനായി കാത്തിരിക്കുകയാണ്.
കല്ലിൽ ഒതുങ്ങിയ സ്വപ്നം
ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ 2018 ജൂലായിൽ നാടിന് ഉത്സവപ്പകിട്ടേകി പാലത്തിനായി കല്ലിട്ടു. എന്നാൽ കരാറുകാരൻ പലവിധ കാരണങ്ങളാൽ പണി ഉപേക്ഷിച്ചു. പ്രതീക്ഷ നശിച്ചതോടെ പ്രദേശത്തെ പല കുടുംബങ്ങളും പലായനം ചെയ്തു.
സാധന സാമഗ്രികൾ ജങ്കാറിലെത്തിച്ച് നിർമ്മാണം നടത്തുന്ന രീതിയിൽ ടെണ്ടർ വിളിച്ചെങ്കിലും ഒരാൾ മാത്രമേ പങ്കെടുത്തുള്ളൂ. റീടെണ്ടറിൽ പ്രമുഖ കമ്പനികൾ പങ്കെടുത്തിട്ടുണ്ടെങ്കിലും നൂലാമാലകൾ വിട്ടൊഴിയുന്നില്ല.
ജനങ്ങളുടെ യാത്രാദുരിതം അകറ്റാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടൽ ഉണ്ടാവണം. ഈ കുന്നിന്റെ മനോഹാരിത ആസ്വദിക്കാൻ സഞ്ചാരികൾ എത്തുംവിധം യാത്രാസൗകര്യം ഉണ്ടാവേണ്ടത് അനിവാര്യമാണ്. ഇതിലൂടെ ദ്വീപ് നിവാസികൾക്ക് പുതിയൊരു ജീവിതമാർഗ്ഗവും ലഭ്യമാകും. സാങ്കേതിക തടസങ്ങൾ നീക്കി എത്രയും വേഗം പാലം നിർമ്മാണം ആരംഭിക്കണം
പെരുങ്ങാലംകുന്ന് നിവാസികൾ