കൊല്ലം: പുളിയത്തുമുക്കിലെ വെള്ളക്കെട്ടു കാരണം സമീപത്തെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാനാവാത്ത അവസ്ഥ. മലിനജലം കടകളിലേക്ക് അടിച്ചു കയറുന്നതായി വ്യപാരികൾ പറയുന്നു. പുളിയത്ത്മുക്കിൽ നിന്ന് കല്ലുന്താഴത്തേക്ക് തിരിയുന്ന ഭാഗത്തെ കടകൾക്കാണ് ഈ ദുര്യോഗം.
റോഡ് ഹൈടെക്ക് ആക്കാൻ എട്ട് വർഷം മുമ്പാണ് കുത്തിപ്പൊളിച്ചത്. മഴക്കാലത്ത് വെള്ളക്കെട്ടും അല്ലാത്തപ്പോൾ പൊടി ശല്ല്യവും കാരണം പൊറുതി മുട്ടുകയാണ് നാട്ടുകാർ. ദേശീയപാത 66ന് സമാന്തരമായുള്ള ഈ റോഡിന് സമീപം കശുഅണ്ടി ഫാക്ടറികൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നുണ്ട്. ഇരവിപുരം എം.എൽ.എയുടെ അനാസ്ഥയാണ് റോഡിന്റെ ശോച്യാവസ്ഥയ്‌ക്ക് പിന്നിലെന്ന ആരോപണവുമായി കോൺഗ്രസ് പാൽക്കുളങ്ങര മണ്ഡലം കമ്മിറ്റി രംഗത്തെത്തി. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് സമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.