400ൽ അധികം കുടുംബങ്ങൾ
തേവലക്കര: കല്ലടയാറിന് കുറുകെ അരിനല്ലൂർ - പെരിങ്ങാലം പാലം നിർമ്മിക്കുമെന്ന പ്രഖ്യാപനം ജലരേഖയായി തുടരുന്നതിൽ നാട്ടുകാർ ആശങ്കയിൽ. മൺറോ തുരുത്ത് പഞ്ചായത്തിലെ പെരിങ്ങാലം വാർഡിനെയും തേവലക്കര പഞ്ചായത്തിലെ അരിനല്ലൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് കല്ലടയാറിന് കുറുകെ പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുമ്പ് നിരവധി തവണ പാലം നിർമ്മിക്കുമെന്ന് പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും തുടർ നടപടികളില്ല.
നാലു വശവും വെള്ളം
ഇരു കരകൾക്കുമിടയിൽ 200 മീറ്ററോളം വ്യത്യാസമാണുള്ളത്. അഷ്ടമുടിക്കായലിനാലും കല്ലടയാറിനാലും ചുറ്റപ്പെട്ട പ്രദേശമാണ് പെരിങ്ങാലം. പെരുങ്ങാലത്തുകർക്ക് മറ്റു പ്രദേശങ്ങളിലേക്ക് പോകാൻ കടത്തുവള്ളങ്ങളും സർവീസ് ബോട്ടുകളും മാത്രമാണ് ആശ്രയം. പെരിങ്ങാലത്തെ മറ്റു കരയോട് ബന്ധിപ്പിക്കാൻ ഏറ്റവും ദൂരം കുറഞ്ഞ പ്രദേശമാണ് തേവലക്കരയിലെ അരിനല്ലൂർ കടവ്. . 400ൽ അധികം കുടുംബങ്ങൾ താമസിക്കുന്ന പെരിങ്ങാലത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളും നിരവധി ആരാധനാലയങ്ങളുമുണ്ട്.
കടത്തുവള്ളങ്ങളും ബോട്ടും
പെരിങ്ങാലത്തേക്ക് കോയിവിളയിൽ നിന്ന് സർവീസ് ബോട്ടും മൺറോതുരുത്തിൽ നിന്നും അരിനല്ലൂരിൽ നിന്നും കടത്തുവള്ളങ്ങളും മാത്രമാണുള്ളത് . പെരിങ്ങാലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ തേവലക്കര, പന്മന ,മൈനാഗപ്പള്ളി, ശാസ്താംകോട്ട തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ പഠിക്കാനെത്തുന്നുണ്ട് . യാത്രാ സൗകര്യമില്ലാത്തതിനാൽ അദ്ധ്യാപകരും വിദ്യാർത്ഥികളും സ്കൂൾ മാറി പോകുന്ന സ്ഥിതിയാണ്. ശക്തമായ വേലിയേറ്റവും കനത്ത മഴയും കടത്തുവള്ളത്തിലെ യാത്രയ്ക്ക് പലപ്പോഴും ഭീഷണിയാകാറുണ്ട്.
ടൂറിസ്റ്റുകളെ ആകർഷിക്കാം
അരിനല്ലൂരിൽ പാലം നിർമ്മിച്ചാൽ 10 മിനിട്ട് യാത്ര ചെയ്താൽ സ്കൂളിലെത്താൻ കഴിയും. യഥാ സമയത്ത് ചികിത്സ ലഭിക്കാത്തതിനാൽ ജീവൻ നഷ്ടമായവരുടെ എണ്ണവും നിരവധിയാണ്. അരിനല്ലൂരിൽ പാലം യാഥാർത്ഥ്യമായാൽ മൺറോ തുരുത്തിലെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ റോഡുമാർഗം എത്താനാകും. വിദേശികൾ ഉൾപ്പടെയുള്ള ടൂറിസ്റ്റുകളെ ആകർഷിക്കാനാകും മാത്രമല്ല മൺറോ തുരുത്തിലെ ടൂറിസം മേഖലയുടെ വികസനത്തിനും ഇതു കാരണമാകും