
കൊല്ലം: അടുത്ത രണ്ടുദിവസം ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച പശ്ചാത്തലത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനായ ജില്ലാ കളക്ടർ എൻ.ദേവിദാസ് മുന്നറിയിപ്പ് നൽകി.
മിന്നലിന്റെ ആഘാതത്തിൽ പൊള്ളലേൽക്കുകയോ കാഴ്ച - കേഴ്‌വി നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുതി പ്രവാഹം ഇല്ലെന്ന് ഉറപ്പാക്കണം. പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണെന്നും മിന്നലേറ്റ ആളിന് ഉടൻ വൈദ്യസഹായം എത്തിക്കണമെന്നും കളക്ടർ അറിയിച്ചു.
ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും നിറുത്തി വയ്ക്കണം. വളർത്തുമൃഗങ്ങളെ തുറസായസ്ഥലത്ത് കെട്ടരുത്. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്ക് സർജ് പ്രൊട്ടക്ടർ ഉപയോഗിക്കാം.
പാലിക്കേണ്ട മറ്റ് നിർദ്ദേശങ്ങൾ
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക
ടെലിഫോൺ ഉപയോഗിക്കരുത്
മൊബൈൽ ഫോൺ ഉപയോഗിക്കാം
വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്
വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്
സൈക്കിൾ, ബൈക്ക്, ട്രാക്ടർ യാത്ര ഒഴിവാക്കുക
ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്
ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കരുത്
ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്
കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിംഗ് തുടങ്ങിയ പ്രവൃത്തികൾ നിറുത്തി അടുത്തുള്ള കരയിലേക്കെത്തണം.
എൻ.ദേവീദാസ്, ജില്ലാ കളക്ടർ