
കൊല്ലം: ജില്ലാതല മലയാള ഭാഷാ പുരസ്‌കാരം കളക്‌ടറേറ്റിലെ എൽ.എ സെക്ഷൻ ക്ലാർക്ക് എസ്.സുനിലിന് കളക്ടർ എൻ.ദേവിദാസ് സമ്മാനിച്ചു. 10000 രൂപയും സത്‌സേവന ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
പരമാവധി ഫയലുകൾ മലയാളത്തിൽ കൈകാര്യം ചെയ്തതും ഭാഷാ നൈപുണ്യം പരിഗണിച്ചുമാണ് പുരസ്കാരം. വെൺപാലക്കര പണയിൽ വീട്ടിൽ എസ്.സുനിൽ വെൺപാലക്കര ശാരദാവിലാസിനി ഗ്രന്ഥശാലയുടെ മുൻ സെക്രട്ടറിയാണ്. പുരസ്കാര ദാനത്തിന് മുന്നോടിയായി സർക്കാരിന്റെ ഔദ്യോഗിക ഭാഷാനയം വിവിധ വകുപ്പുകളിൽ നടത്തിയതിന്റെ പുരോഗതി സെക്രട്ടേറിയറ്റിലെ ഔദ്യോഗിക ഭാഷാവിദഗ്ദ്ധനായ ഡോ.ശിവകുമാർ വിലയിരുത്തി. ജീവനക്കാരുടെ സംശയങ്ങൾക്കും മറുപടി നൽകി. എ.ഡി.എം സി.എസ്.അനിൽ, ഹുസൂർ ശിരസ്തദാർ ബി.പി.അനി, എൽ.എ ഡെപ്യൂട്ടി കളക്ടർ ഷീജ ബീഗം, ജൂനിയർ സൂപ്രണ്ട് സന്തോഷ് കുമാർ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.