കൊല്ലം: വ്യാപാരികളെയും ഇതര സംരംഭകരെയും സംരക്ഷിക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിജ്ഞാബദ്ധമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. ഏകോപന സമിതി ജില്ലാ കൗൺസിൽ യോഗം കൊല്ലം ഭാരതരാഞ്ജി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറുകിട ഇടത്തരം വ്യാപാരികളുടെ നിലനിൽപ്പിനെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമായ എസ്.ദേവരാജൻ അദ്ധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി, ജന. സെക്രട്ടറി ദേവസ്യ മേച്ചേരി തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തി. തിരഞ്ഞെടുപ്പിൽ സംസ്ഥാന സെക്രട്ടറി സണ്ണി പൈമ്പിള്ളിൽ മുഖ്യവരണാധികാരിയായി.
ജില്ലാ ഭാരവാഹികളായി എസ്.ദേവരാജൻ (പ്രസിഡന്റ്), അഡ്വ. ജോജോ.കെ.എബ്രഹാം (ജനറൽ സെക്രട്ടറി), എസ്.കബീർ (ട്രഷറർ) എന്നിവരെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. ജില്ലയിലെ 170 ഓളം യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.