gold-
കളഞ്ഞു കിട്ടിയ സ്വർണ്ണമാല തിരികെ നൽകിയ സൂപ്പർമാർക്കറ്റ് ജീവനക്കാരി ആനിമോൾക്ക് മാധവ ചാരിറ്റബിൾ ട്രസ്റ്റിന്റെയും എ.വി.എം ഫൗണ്ടേഷന്റെയും പുരസ്കാരം സമ്മാനിക്കുന്നു

കൊല്ലം: സൂപ്പർമാർക്കറ്റിൽ നിന്ന് കളഞ്ഞുകിട്ടിയ ഒന്നരപ്പവൻ മാല ഉടമസ്ഥയ്ക്ക് തിരികെ ലഭിക്കാൻ വഴിയൊരുക്കിയ ജീവനക്കാരിക്ക് അഭിനന്ദന പ്രവാഹവും സമ്മാനമായി സ്വർണ മോതിരവും. കുണ്ടറ മുക്കടയിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരി, പെരുമ്പുഴ മാടൻകാവ് മുണ്ടൻചിറ സ്വദേശിനി ആനിമോളുടെ സത്യസന്ധതയാണ് പത്തരമാറ്റിൽ തിളങ്ങിയത്.

നാന്തിരിക്കൽ സ്വദേശിനി നസീറയുടെ മാലയാണ്, ഇവിടെ നിന്ന് സാധനം വാങ്ങുന്നതിനിടെ നഷ്ടമായത്. യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടതാകാം എന്ന സംശയത്തിൽ പലേടത്തും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. താൻ പോയ സ്ഥാപനങ്ങളിൽ അന്വേഷിക്കുന്നതിനിടെയാണ് സൂപ്പർമാർക്കറ്റിലേക്കും ഫോൺ വിളിച്ചത്. കടയിലെ സാധനങ്ങൾക്കിടയിൽ നിന്ന് ആനിമോൾക്ക് ഒരു മാല ലഭിച്ചെന്നും തന്നെ ഏൽപ്പിച്ചിട്ടുണ്ടെന്നും മാനേജർ നസീറയെ അറിയിച്ചു. അധികം വൈകാതെ നസീറ, ജീവനക്കാർക്കെല്ലാം മധുരവും ആനിമോൾക്ക് ഒരു സ്വർണ മോതിരവുമായി കടയിലെത്തി മാല ഏറ്റുവാങ്ങി.

വിവരം സോഷ്യൽ മീഡിയ വഴി അറിഞ്ഞ റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211 സോൺ 14 കൊട്ടിയം റോട്ടറി ക്ലബ്ബ് പ്രസിഡന്റും എ.വി.എം ഫൗണ്ടേഷൻ അഡ്മിനുമായ ഷിബു റാവുത്തർ, മാധവ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മനു മാധവ് എന്നിവരുടെ നേതൃത്വത്തിൽ കടയിലെത്തി ആനിമോളെ ആദരിച്ചു. ആനിമോളുടെ സത്യസന്ധത സമൂഹത്തിന് മാതൃകയാണെന്ന് കുണ്ടറ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എസ്. സുജിത്ത് പറഞ്ഞു. ആനിമോൾക്ക് ഉപഹാരവും നൽകി. ചടങ്ങിൽ മാനേജർ ബിജു, സാമൂഹ്യ പ്രവർത്തകരായ മുഖത്തല സുഭാഷ്, കണ്ണൻ, സ്ഥാപനത്തിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.