കൊല്ലം: കേരളത്തിൽ അതിരുവിട്ട ന്യൂനപക്ഷ പ്രീണനം നടക്കുന്നുവെന്ന യാഥാർത്ഥ്യം തെളിവുകൾ നിരത്തി വിശദീകരിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഉറഞ്ഞുതുള്ളുന്ന വർഗീയ ശക്തികളെ സർവശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്ന് ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവ് യോഗം വ്യക്തമാക്കി.
സത്യം പറയുമ്പോൾ വർഗീയവാദിയാക്കാനുള്ള ശ്രമം വിലപ്പോവില്ല. മറ്റുമതങ്ങളെ പരിഹസിച്ച് പ്രഭാഷണം നടത്തുന്നവരും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഒളിഞ്ഞും തെളിഞ്ഞും ചൂട്ടുപിടിക്കുന്നവരുമാണ് വെള്ളാപ്പള്ളിക്കെതിരെ ഭീഷണിയുമായി ഇറങ്ങിയിരിക്കുന്നത്. മലപ്പുറത്ത് മറ്റെല്ലാ സമുദായങ്ങൾക്കും ഡസൻ കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ളപ്പോൾ എസ്.എൻ.ഡി.പി യോഗത്തിന് ഒരു വിദ്യാലയം പോലുമില്ല. സമുദായത്തെയും എസ്.എൻ.ഡി.പി യോഗത്തെയും അധിക്ഷേപിക്കുന്നതിന് പകരം സാമൂഹ്യ, സാമ്പത്തിക, സർവേ നടത്താനുള്ള യോഗം ജനറൽ സെക്രട്ടറിയുടെ വെല്ലുവിളി ഏറ്റെടുക്കാൻ സർക്കാരും ന്യൂനപക്ഷ സംഘടനകളും തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണമെന്നും എക്സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു.
എസ്.എൻ.ഡി.പി യോഗം കൗൺസിലറും എൻ.എൻ ട്രസ്റ്റ് എക്സി. അംഗവുമായ പി.സുന്ദരൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.വിഷ്ണു അദ്ധ്യക്ഷനായി. സംസ്ഥാന കോ- ഓഡിനേറ്റർ പി.വി.രജിമോൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഡോ. ആർ.വി.സുമേഷ് സ്വാഗതവും ട്രഷറർ ടി.തങ്കം നന്ദിയും പറഞ്ഞു. ഡോ. എസ്.ഷീബ, ഡോ. ശ്രുതി നന്ദൻ, ഡോ. ഇന്ദു, ആ.ദിവ്യ, നവീൻ ഭാസ്‌കർ, ഡോ. വിനോദ്, ആദ്യ, സുദീപ്, ഡോ. ജോഷി, ഡോ. അരുൺ രവി, സിൻസി, ഷൈജ, ദീപ്തി, വിഷ്ണു, ഭാനുപ്രകാശ്, കൃഷ്ണപ്രിയ, ഡോ. വിനർഷ, മഞ്ജു, രജനി എന്നിവർ പങ്കെടുത്തു.