
കൊല്ലം: സുരക്ഷിത ഇന്റർനെറ്റ് ബന്ധം സജ്ജമാകാത്തതിനൊപ്പം ഓഫീസ് ക്രമീകരണവും ബാക്കിയായതിനാൽ കൊല്ലം പോർട്ടിൽ അനുവദിച്ച എമിഗ്രേഷൻ ചെക്ക് പോയിന്റ് പ്രവർത്തിക്കാൻ ഒരുമാസം കാത്തിരിക്കണം.
ക്രമീകരണങ്ങൾ പൂർത്തിയാക്കി എമിഗ്രേഷൻ ഓഫീസ്, ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിന് കൈമാറിയാലേ ഉദ്യോഗസ്ഥ നിയമനം നടത്തി പ്രവർത്തനം ആരംഭിക്കൂ.
കൊല്ലം പോർട്ടിലെ ഐ.സി.പിയെ മറ്റ് എമിഗ്രേഷൻ ഓഫീസുകളുമായി ബന്ധിപ്പിക്കാനുള്ള ലീസ് ലൈൻ ഇന്റർനെറ്റ് കണക്ഷൻ ഇതുവരെ ലഭിച്ചിട്ടില്ല. ഇതിന് പുറമേ എമിഗ്രേഷൻ കൗണ്ടറുകളുടെ അന്തിമ ക്രമീകരണവും ബാക്കിയാണ്.
എമിഗ്രേഷൻ ജോലികൾക്ക് സംസ്ഥാന ആഭ്യന്തര വകുപ്പ് കൈമാറിയ പതിന്നാല് ഉദ്യോഗസ്ഥരുടെ അഭിമുഖം നടത്തി കേന്ദ്ര ആഭ്യന്തര വകുപ്പ് നിയമന പട്ടിക തയ്യാറാക്കി. കൊല്ലം പോർട്ടിൽ ഉടൻ കപ്പലുകൾ കാര്യമായി എത്താൻ സാദ്ധ്യതയില്ലാത്തതിനാൽ വളരെക്കുറച്ച് ഉദ്യോഗസ്ഥരയെ ആദ്യഘട്ടത്തിൽ നിയമിക്കൂ.
ഐ.സി.പി അനുവദിച്ചുള്ള ഫയലിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ 15നാണ് ഒപ്പിട്ടത്. തിരുവനന്തപുരം, ഫോറിനേഴ്സ് റീജിണൽ രജിസ്ട്രേഷൻ ഓഫീസറെ കൊല്ലം പോർട്ട് ഐ.സി.പിയുടെ സിവിൽ അതോറിറ്റിയായി നിയമിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനം 18ന് പുറത്തിറങ്ങി.
ലീസ് ലൈൻ ഇന്റർനെറ്റ് കണക്ഷനായില്ല
സുപ്രധാന വിവരങ്ങളായതിനാൽ വേണ്ടത് സുരക്ഷിത ഇന്റർനെറ്റ് സംവിധാനം
ലീസ് ലൈൻ വഴിയാണ് എമിഗ്രേഷൻ ഓഫീസുകൾ ബന്ധിപ്പിക്കുന്നത്
കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ രണ്ട് വർഷം മുമ്പേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരുവനന്തപുരം ഫോറിനേഴ്സ് റീജിണൽ രജിസ്ട്രേഷൻ ഓഫീസിന് കൈമാറി
സൗകര്യങ്ങൾ സജ്ജമാക്കുന്നതിലെ കാലതാമസമാണ് ചെക്ക് പോയിന്റിനുള്ള അനുമതി വൈകിപ്പിച്ചത്
എമിഗ്രേഷൻ ജോലികൾക്ക്
ആകെ പൊലീസുകാർ - 14
സി.ഐ - 2
എസ്.ഐ - 8
സി.പി.ഒ - 4
സുരക്ഷാ ജോലിക്ക് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ നിന്ന് ഉദ്യോഗസ്ഥരുടെ നിയമനം വൈകാതെ നടക്കും.
പോർട്ട് അധികൃതർ