കൊട്ടാരക്കര: സ്പെഷ്യൽ സബ് ജയിലിന് മുന്നിൽ വെള്ളക്കെട്ട്. റോഡിന്റെ തകർച്ചയ്ക്കുനേരെ അധികൃതർ കണ്ണടയ്ക്കുന്നു. കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ നഗരസഭ ഓഫീസിന് മുന്നിൽ നിന്ന് തുടങ്ങി എം.സി റോഡിൽ രവിനഗറിൽ എത്തുന്നതാണ് റോഡ്. സബ് ജയിലിന് മുന്നിൽ വലിയ കുഴികൾ രൂപപ്പെട്ടതിൽ മഴവെള്ളം നിറഞ്ഞു. റോഡിന്റെ ഒരു വശത്തായി മിക്കപ്പോഴും പൊലീസ് വാഹനങ്ങൾ പാർക്ക് ചെയ്യും. വെള്ളം നിറഞ്ഞ വലിയ കുഴികളിൽ ഇറങ്ങാതെ ഇരുചക്ര വാഹനങ്ങൾക്കുപോലും കടന്നുപോകാനാകില്ല. കാൽനടയാത്രികരും ബുദ്ധിമുട്ടുകയാണ്. ജയിലിൽ സന്ദർശനത്തിനെത്തുന്നവർ ഏറെനേരം പുറത്ത് കാത്തുനിൽക്കേണ്ടിവരും. ഇവരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നത് നിത്യ സംഭവമാണ്. ഇതേച്ചൊല്ലിയുള്ള വാക്കേറ്റവും പതിവാണ്.
തിരക്കിൽപ്പെടാതെ പോകാൻ
പുലമൺ സിഗ്നൽ സംവിധാനത്തിലോ ഗതാഗത കുരുക്കിലോ അകപ്പെടാതെ എം.സി റോഡിൽ നിന്ന് ദേശീയ പാതയിലും തിരികെയും എത്താൻ കഴിയുന്ന സമാന്തര പാതയാണിത്. അതുകൊണ്ടുതന്നെ എപ്പോഴും വാഹനങ്ങൾ കടന്നുപോകും. ജയിലിന് പുറമെ സൈബർ പൊലീസ് സ്റ്റേഷൻ, പൊലീസിന്റെ ടെലി കമ്മ്യൂണിക്കേഷൻ വിഭാഗം, കെ.ഐ.പി ഓഫീസുകളും ക്വാർട്ടേഴ്സുകളും സബ് രജിസ്ട്രാർ ഓഫീസ് എന്നിവയെല്ലാം പ്രവർത്തിക്കുന്നത് ഈ റോഡിന്റെ വശങ്ങളിലാണ്. പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിട സമുച്ചയവും നിർമ്മാണം പൂർത്തിയായിട്ടുണ്ട്.
പെറ്റി വർക്ക് നടത്താം
നഗരസഭയ്ക്ക് പെറ്റി വർക്കിൽ ഉൾപ്പെടുത്തി ജയിലിന് മുന്നിലെ വെള്ളക്കെട്ട് മാറ്റാവുന്നതാണ്. എന്നാൽ അധികൃതർ ഇക്കാര്യത്തിൽ താത്പര്യമെടുക്കുന്നില്ല.