കൊല്ലം: കൊല്ലം തുറമുഖത്തെ അംഗീകൃത എമിഗ്രേഷൻ ചെക്ക് പോയിന്റായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകരിച്ചതിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി അവകാശവാദം ഉന്നയിക്കുന്നത് പൊള്ളത്തരമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പ്രസ്താവനയിൽ പറഞ്ഞു.
എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുമതി ഉൾപ്പെടെ തുറമുഖത്തിന്റെ വികസനത്തിനായി ബി.ജെ.പി ജില്ല, സംസ്ഥാന നേതൃത്വങ്ങൾ കേന്ദ്രസർക്കാരിന് നിവേദനം കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ കണ്ട് വിഷയങ്ങൾ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ മോദി സർക്കാരിന്റെ അവസാന കാലയളവിൽത്തന്നെ ചെക്ക് പോയിന്റ് അംഗീകാരത്തിന് തീരുമാനം എടുത്തിരുന്നു. സാങ്കേതികമായ ചില തുടർ പ്രവർത്തനങ്ങൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.