
കൊട്ടാരക്കര: പുത്തൂർ സ്വദേശി കുഞ്ഞുപിള്ളയുടെ സത്യസന്ധതയ്ക്ക് പൊൻതിളക്കം. പ്രഭാത സവാരിക്കിടെ കളഞ്ഞുകിട്ടിയ രണ്ട് പവന്റെ മാലയാണ് തിരികെ നൽകിയത്. പുത്തൂർ ചെറുമങ്ങാട് കുമ്പിക്കാട്ടിൽ കുഞ്ഞുപിള്ള കഴിഞ്ഞ ദിവസം രാവിലെ നടക്കാൻ പോകുന്നതിനിടയിലാണ് വഴിയിൽ കിടന്ന പേഴ്സിൽ നിന്ന് സ്വർണാമാല ലഭിച്ചത്. ഉടൻ പുത്തൂർ പൊലീസ് സ്റ്റേഷനിലെത്തി ഏൽപ്പിച്ചു.
ഹോം നഴ്സായ ചെറുമങ്ങാട് വസന്തത്തിൽ ചെല്ലമ്മയുടെ കൈയിൽ നിന്ന് നഷ്ടപ്പെട്ടതായിരുന്നു മാലയടങ്ങുന്ന പേഴ്സ്. സമീപത്തെ വീട്ടിലെ കിടപ്പുരോഗിയെ ചികിത്സിക്കാനെത്തുന്ന ചെല്ലമ്മയെ സൂക്ഷിക്കാനേൽപ്പിച്ചതായിരുന്നു സ്വർണമാല. പുത്തൂർ പൊലീസ് സബ് ഇൻസ്പെക്ടർ ബാവു.വി.നായർ കുഞ്ഞുപിള്ളയുടെ സാന്നിദ്ധ്യത്തിൽ മാല ഉടമയ്ക്ക് കൈമാറി. എസ്.ഐമാരായ മധു, സുനിൽകുമാർ, പൊതുപ്രവർത്തകനായ ജോൺ സക്കറിയ എന്നിവർ സന്നിഹിതരായിരുന്നു.