
പരവൂർ: പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച മൈക്ക് സെറ്റും ലൈറ്റുകളും അഴിക്കുന്നതിനിടയിൽ ഷോക്കേറ്റ് പൂതക്കുളം സുനാമി ഫ്‌ളാറ്റ് 18ൽ അജിത്ത് കുമാർ (18) മരിച്ച സംഭവത്തിൽ താലൂക്ക് ആശുപ്രതിയിൽ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാർ ആശുപത്രി കവാടം ഉപരോധിച്ചു.
ഇന്നലെ രാവിലെ 10.30നായിരുന്നു സുനാമി ഫ്‌ളാറ്റിലെ താമസക്കാരും നാട്ടുകാരും ഉൾപ്പെടെ നൂറോളം പേരടങ്ങുന്ന സംഘം പരവൂർ നെടുങ്ങോലം താലൂക്ക് ആശുപത്രി ഉപരോധിച്ചത്. ആശുപത്രിക്കും സൂപ്രണ്ടിനുമെതിരെ നടപടിയെടുക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
ഡി.എം.ഒ സ്ഥലത്തെത്തിയാലേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. ഡി.എം.ഒയ്ക്ക് പകരം ഡി.പി.എം (ഡിസ്ട്രിക്ട് പ്രോഗ്രോം മാനേജർ) ഡോ. ദേവ് കിരൺ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. തുടർന്ന് ആശുപത്രി അധികൃതരും പൊലീസുമായും ചർച്ച നടത്തിയശേഷം താലൂക്ക് ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയതോടെയാണ് നാലുമണിക്കൂർ നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്.
തിങ്കളാഴ്ചയാണ് അജിത്ത് കുമാറിന് ഷോക്കേറ്റത്. അബോധാവസ്ഥയിലായ അജിത്തിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നെടുങ്ങോലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും സി.പി.ആർ ഉൾപ്പെടെയുള്ള പ്രാഥമിക ചികിത്സ പോലും നൽകാൻ തയ്യാറായില്ലെന്നും വിദഗ്ദ്ധ ചികിത്സയ്ക്ക് ആംബുലൻസ് വിട്ടുനൽകിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. രണ്ട് ആംബുലൻസുകളുള്ളതിൽ ഒരെണ്ണം മാത്രമാണ് സർവീസ് നടത്താൻ പാകത്തിലുള്ളത്. ഈ ആംബുലൻസിന് ഡ്രൈവറില്ലെന്ന് പറഞ്ഞാണ് വിട്ടുനൽകാഞ്ഞത്. 15 മിനിറ്റിന് ശേഷം പുറത്ത് നിന്ന് സ്വകാര്യ ആംബുലൻസിൽ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അജിത്ത് കുമാർ മരിച്ചിരുന്നു. മൃതദേഹം പോളയത്തോട് വിശ്രാന്തിയിൽ സംസ്‌കരിച്ചു. പ്രതിഷേധം നേരിടാൻ വൻ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. നടപടി ആവശ്യപ്പെട്ട് സുനാമി നഗറിലെ ജനകീയ കൂട്ടായ്മ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.