കൊല്ലം: 2022-23ൽ കേരള സർവകലാശാലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം കൊല്ലം എസ്.എൻ കോളേജിന്. ഇതിന് പുറമേ കോളേജിലെ വിദ്യാർത്ഥിയായ എം.എസ്.ഗൗതം മികച്ച വോളണ്ടിയറായും ഫിസിക്സ് ഡിപ്പാർട്ട്മെന്റ് അദ്ധ്യാപിക ഡോ. എസ്.വിദ്യ മികച്ച പ്രോഗ്രാം ഓഫീസർക്കുമുള്ള പുരസ്കാരം നേടി. കടലോര മേഖലയിലുള്ള കിടപ്പ് രോഗികൾക്കിടയിൽ ഇടം പാലിയേറ്റീവ് കെയറിലൂടെ യൂണിറ്റ് നടത്തിയ പ്രവർത്തനങ്ങളും ലഹരിക്കെതിരായ ബോധവത്കരണ പരിപാടികളും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളും കൊല്ലം കോർപ്പറേഷനും ശുചിത്വ മിഷനുമായി സഹകരിച്ച യൂണിറ്റ് നടത്തിയ മെഗാ പരിപാടികളുമാണ് നേട്ടത്തിന് പിന്നിൽ. ഭവന രഹിതരായ വിദ്യാർത്ഥിനികൾക്കുള്ള ഭവന നിർമ്മാണം അവസാനഘട്ടത്തിലാണ്. ക്യാമ്പസിന് അകത്തും പുറത്തും നടത്തിവരുന്ന പ്രവർത്തനങ്ങളാണ് എസ്.എൻ കോളേജിനെ നേട്ടത്തിന് അർഹമാക്കിയത്.