
കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിനതടവ്. തേവലക്കര പൂക്കുളഞ്ഞിയിൽ ഊട്ടിവിള വീട്ടിൽ ഹമീദിനെയാണ് (51, രാജീവ്) കരുനാഗപ്പള്ളി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എഫ്.മിനിമോൾ ശിക്ഷിച്ചത്. 40,000 രൂപ പിഴ അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ നാലുമാസം കൂടി അധിക തടവ് അനുഭവിക്കണം. 2022 സെപ്തംബർ 23ന് നടന്ന സംഭവത്തിൽ ചവറ പൊലീസ് അന്നേ ദിവസം തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് 7 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ചു. പിഴ ഒടുക്കുന്ന പക്ഷം പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എൻ.സി.പ്രേംചന്ദ്രൻ ഹാജരായി.