വൈദ്യുതി വിളക്കുകൾ പ്രവർത്തന രഹിതം
കൊല്ലം: സന്ധ്യ കഴിഞ്ഞാൽ ഇരുട്ടിലായി ചിന്നക്കട മേൽപ്പാലം. പാലത്തിന്റെ ഇരുവശത്തുമായുള്ള 25 വൈദ്യുതി വിളക്കുകളിൽ ഏറിയപങ്കും കണ്ണടച്ചിരിക്കുകയാണ്. ഏറെ തിരക്കുള്ള ഇവിടെ സന്ധ്യ കഴിഞ്ഞാൽ വാഹനങ്ങളുടെ ഹെഡ് ലൈറ്റ് വെളിച്ചം മാത്രമാണ് ഏകആശ്രയം. ഇരുചക്രവാഹന യാത്രക്കാരും കാൽനട യാത്രക്കാരുമാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്.
രാത്രി വൈകി ജോലികഴിഞ്ഞ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ചിന്നക്കട ബസ് സ്റ്റാൻഡിലേക്ക് പോകാനും മറ്റുമായി നിരവധി സ്ത്രീകളാണ് പാലം വഴി കാൽനടയായി യാത്ര ചെയ്യുന്നത്. വിളക്കുകൾ അണഞ്ഞിട്ട് മാസങ്ങളായെങ്കിലും അധികൃതർ കണ്ടഭാവം നടിക്കുന്നില്ലെന്നാണ് ഉയരുന്ന പരാതി. വിളക്കുകളുടെ അറ്റകുറ്റപ്പണികൾ കോർപ്പറേഷന്റെ ചുമതലയാണ്. കോർപ്പറേഷൻ കരാർ നൽകുന്നവരാണ് വിളക്കുകൾ തെളിക്കേണ്ടത്
കുഴികൾ നിറഞ്ഞ് നടപ്പാത
മേൽപ്പാലത്തിലെ നടപ്പാതയിൽ പലഭാഗത്തും ഇന്റർലോക്ക് ഇളകിമാറി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് ചിന്നക്കടയിലേക്ക് വരുമ്പോൾ ഇടതുഭാഗത്തുള്ള നടപ്പാതയിലാണ് കുഴികൾ. ഇരുട്ടായതിനാൽ പലപ്പോഴും കുഴികൾ ശ്രദ്ധയിൽപെടാറില്ല. നടപ്പാതയിലെ ഭിത്തികളിലെ സിമന്റ് പാളികൾ ഇളകി കമ്പികൾ പുറത്തുവന്ന നിലയിലാണ്. കൈവരികളും ഭൂരിഭാഗം തകർന്നു.
മാലിന്യം തള്ളലും വ്യാപകം
ഇരുട്ടിന്റെ മറവിൽ പലത്തിൽ നിന്ന് താഴേക്ക് മാലിന്യം തള്ളുന്നതും പതിവാണ്. കാടുകേറി കിടക്കുന്ന ചീനകൊട്ടാരത്തിന്റെ ഭാഗത്താണ് കൂടുതലായി മാലിന്യം തള്ളുന്നത്. മാലിന്യം അഴുകി ഈ ഭാഗത്ത് ദുർഗന്ധം നിറയും. മൂക്കുപൊത്താതെ ഇതുവഴി നടക്കാൻ കഴിയില്ലെന്ന അവസ്ഥയാണ്.
കേബിളുകളുടെ തകരാറാണ് വൈദ്യുതി വിളക്ക് തെളിയാത്തതിന് കാരണം. പ്രശ്നത്തിന് പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിക്കും
- സജീവ് സോമൻ , ചെയർമാൻ ,
കോർപ്പറേഷൻ മരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി