കൊല്ലം: ആശ്രാമം ഇ.എസ്.ഐ ആശുപത്രി ഉൾപ്പടെ ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിൽ ഒ.പിയിൽ ചികിത്സ തേടുന്നവർ അസൗകര്യങ്ങളിൽ വലയുകയാണെന്ന് കെ.എസ്.വൈ.എഫ് ജില്ലാ കമ്മിറ്റി ആരോപിച്ചു. ഡോക്‌ടറെ കാണാൻ മണിക്കൂറുകൾ കാത്തിരിക്കുന്നവർക്ക് മതിയായ ഇരിപ്പിട സൗകര്യങ്ങളില്ല. കുണ്ടറ സർക്കാർ ആശുപത്രിയിൽ രാവിലെ 7 മുതൽ വിതരണം ചെയ്‌തിരുന്ന ഒ.പി ടിക്കറ്റുകൾ ഇപ്പോൾ 9ന് ശേഷമാണ് വിതരണം ചെയ്യുന്നത്. പ്രശ്‌നപരിഹാരത്തിന് നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികൾ ജില്ലാ ആരോഗ്യ വകുപ്പ് മേധാവികൾക്ക് നിവേദനം നൽകി. പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം തുടങ്ങാനും തീരുമാനിച്ചു.
ആശ്രാമം ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സന്തോഷ് രാജേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രേംകുമാർ, പ്രിയങ്ക ഓമനക്കുട്ടൻ, മിഥുൻ മോനച്ചൻ, ശ്രീക്കുട്ടൻ, മുകേഷ് മൈനാഗപ്പള്ളി എന്നിവർ സംസാരിച്ചു.