ഓട വൃത്തിയാക്കാൻ ഇളക്കിമാറ്രിയ സ്ളാബ് പുനഃസ്ഥാപിച്ചില്ല
കൊല്ലം: ക്യു.എ.സി റോഡിൽ നിന്ന് കർബല- റെയിൽവേ സ്റ്റേഷൻ റോഡിലേക്കുള്ള നടപ്പാതയിൽ റെയിൽവേ ക്വാർട്ടേഴ്സിന് സമീപമുള്ള വളവിൽ ഓടയുടെ സ്ളാബ് ഇളക്കിമാറ്റിയിട്ടിരിക്കുന്നത് കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. ശ്രദ്ധിച്ച് നടന്നില്ലെങ്കിൽ ഓടയിൽ വീഴുമെന്ന കാര്യം ഉറപ്പാണ്.
മഴക്കാലത്ത് ഈ ഭാഗത്തുണ്ടാകുന്ന രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കാൻ പി.ഡബ്യൂ.ഡിയുടെ നേതൃത്വത്തിൽ രണ്ടാഴ്ച മുൻപാണ് ഓടയിലെ ചെളികോരി അറ്റകുറ്റപണികൾ ആരംഭിച്ചത്. എന്നാൽ ഓടയുടെ പകുതി ഭാഗത്ത് മാത്രം മേൽമൂടി സ്ഥാപിച്ച് ബാക്കിഭാഗം മേൽമൂടിയിടാതെ ഉപേക്ഷിക്കുകയായിരുന്നു.
നടപ്പാതയിലൂടെ വരുന്ന ആളുകൾ ഇവിടെ എത്തുമ്പോൾ റോഡിലേക്ക് ഇറങ്ങി നടക്കുകയാണ് പതിവ്. ഈ ഭാഗത്ത് വെളിച്ചക്കുറവുള്ളതിനാൽ രാത്രിയിൽ കുഴി പെട്ടെന്ന് കണ്ണിൽപ്പെടില്ല.
തിരികെ സ്ഥാപിച്ച സ്ലാബുകൾക്കിടയിലും അപകടകരമായ വിടവുകളുണ്ട്. വഴിയരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ കാൽനടയാത്രക്കാർക്ക് റോഡിലേക്ക് ഇറങ്ങി നടക്കാനും കഴിയാത്ത സ്ഥിതിയാണ്.
നടപ്പാത അത്ര വെടിപ്പല്ല
നടപ്പാതയിൽ പലഭാഗത്തും പുല്ല് മൂടി
വശങ്ങളിൽ ചപ്പുചവറുകൾ കൂട്ടിയിട്ടിരിക്കുന്നു
നടപ്പാതയിൽ മുറിച്ചിട്ട മരത്തടി മാറ്റാൻ അധികൃതർ തയ്യാറാകുന്നില്ല
കേബിളുകൾ പൊട്ടിയതും നടപ്പാതയിലേക്ക് വീണു കിടക്കുന്നു
പകൽ സമയത്തും ഭീതിയോടെയാണ് ആളുകൾ ഇതുവഴി നടക്കുന്നത്
മഴ കാരണമാണ് ഓടയുടെ പണി ഇടയ്ക്ക് നിറുത്തിവച്ചത്. ഓടയുടെ സ്ലാബിലടക്കം വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുകയാണ്. അടുത്തിടെ ജോലിക്കാർ വന്നിട്ടും ഇക്കാരണം കൊണ്ട് തിരിച്ച് വരികയായിരുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ പണി പുനരാരംഭിക്കും
പി.ഡബ്യൂ.ഡി അധികൃതർ