കരുനാഗപ്പള്ളി: സുനാമി നഗറുകളിൽ താമസിച്ചുവരുന്ന മത്സ്യത്തൊഴിലാളിയുടെ ശോച്യാവസ്ഥ നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലായി ഉന്നയിച്ച് മഹേഷ് എം.എൽ.എ. കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ കുലശേഖരപുരം, ക്ലാപ്പന എന്നീ പഞ്ചായത്തുകളിലും കരുനാഗപ്പള്ളി നഗരസഭയിലുമായി 1465 സുനാമി വീടുകളും സുനാമി ദുരന്തം നടന്ന ആലപ്പാട് ഗ്രാമപഞ്ചായത്തിൽ 729 വീടുകളുമാണ് നിർമ്മിച്ചു നൽകിയത്. രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്തുന്നതിനോ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനോ നടപടികൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. അതിനാൽ നരക തുല്യമായ ജീവിതമാണ് ആളുകൾ അനുഭവിക്കുന്നതെന്നും അടിയന്തരമായി സുനാമി നഗറുകളുടെ അറ്റ കുറ്റപ്പണികൾക്കും കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യ സംസ്കരണത്തിനും സർക്കാർ പദ്ധതി ആവിഷ്കരിക്കണമെന്നും സി.ആർ. മഹേഷ് എം.എൽ.എ ആവശ്യപ്പെട്ടു. നഗറുകളുടെ ശോച്യാവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും തദ്ദേശസ്വയംഭരണം റവന്യു, ധനകാര്യം, ഫിഷറീസ് മന്ത്രിമാരുടെ യോഗം അടിയന്തരമായി വിളിച്ച് ചേർത്ത് പരിഹാരം കണ്ടെത്തുമെന്നും റവന്യു വകുപ്പ് മന്ത്രി നിയമസഭയിൽ മറുപടി നൽകി.