കൊല്ലം: സർക്കാർ ഉത്തരവിലെ അവ്യക്തതയിൽ ഡി.എൽ.ഇ.ഡി വിദ്യാർത്ഥികളുടെ ഡിഗ്രി ഉൾപ്പടെയുള്ള ഉപരിപഠന പ്രവേശനം അനിശ്ചിതത്വത്തിൽ. അക്കാഡമിക് കലണ്ടർ പ്രകാരം നിലവിലെ ബാച്ചിന്റെ അവസാന സെമസ്‌റ്റർ പൂർത്തിയാകുന്നത് ആഗസ്‌റ്ര് 14 നാണ്. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനമെങ്കിലും ഒടുവിൽ ചെയ്‌ത കോഴ്‌സിന്റെ ടി.സി നിർബന്ധമാണ്.
ഡിഗ്രി പ്രോഗ്രാമുകളുടെ അലോട്ട്‌മെന്റ് തുടങ്ങിയെങ്കിലും പ്രവേശനം നേടിയ പലർക്കും ടി.സി ഹാജരാക്കാൻ കഴിയാത്തതാണ് പ്രതിസന്ധി. കേരളത്തിലെ വിവിധ സർവകലാശാലകൾ ബിരുദ പ്രവേശനം പൂർത്തീകരിക്കും വരെ വിദ്യാർത്ഥികൾക്ക് ടി.സി സമർപ്പിക്കുന്നതിന് സാവകാശം നൽകണമെന്ന വ്യക്തതയില്ലാത്ത ഉത്തരവാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയിരിക്കുന്നത്. 'പ്രക്രിയ പൂർത്തിയാക്കൽ' എന്നതിന് പകരം കൃത്യമായ തീയതി നിഷ്‌കർഷിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. എന്നാൽ കോഴ്‌സ് പൂർത്തിയാക്കുന്നതിന്റെ അടുത്ത ദിവസം തന്നെ ടി.സി നൽകണമെന്ന് സ്ഥാപന മേധാവികൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിന്റെ നിർദ്ദേശവുമുണ്ട്.